ടെക്‌സസ്: തിരക്കേറിയ ഹൈവേയില്‍ ലാന്‍ഡ് ചെയ്ത ചെറു വിമാനം കാറുകള്‍ക്ക് മുകളിലേക്ക് ഇടിച്ചുകയറി. നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് പേര്‍ അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്ന് കാറുകള്‍ക്ക് മുകളിലേക്ക് ഇരട്ട എഞ്ചിനുകളുള്ള ചെറിയ പ്രൊപ്പല്ലര്‍ വിമാനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു.
വിക്ടോറിയ സിറ്റിയിലാണ് വിമാനം ഇറക്കിയത്. വൈകുന്നേരം മൂന്ന് മണിയോടെ ഹൈവേയ്ക്ക് മുകളില്‍ താഴ്ന്ന് പറന്ന വിമാനം റോഡില്‍ അപ്രതീക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഈ സമയം റോഡിലൂടെ പോകുകയായിരുന്ന മൂന്ന് കാറുകളിലേക്ക് വിമാനം ഇടിച്ചുകയറി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തിരക്കേറിയ ഹൈവേയില്‍ ചിന്നിച്ചിതറി കിടക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം വലിയ അപകടം സംഭവിക്കാതിരുന്നത് ആശ്വാസകരമാണെന്ന് വിക്ടോറിയ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി പൊലീസ് ചീഫ് എലിന്‍ മോയ പറഞ്ഞു. ലാന്‍ഡിങിന് തൊട്ടുമുമ്പുള്ള വിമാനത്തിന്റെ ദൃശ്യങ്ങള്‍ ചില ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. രണ്ട് എഞ്ചിനുകളുള്ള പൈപര്‍ പിഎ-31 വിമാനമാണ് തകര്‍ന്നത്. പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ആ സമയത്ത് ഉണ്ടായിരുന്നത്. വിക്ടോറിയ പൊലീസ് വകുപ്പും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും സംഭവത്തില്‍ അന്വേഷണം തുടങ്ങി. വിമാന വിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റുകള്‍ പ്രകാരം രാവിലെ 9.52നാണ് ഈ വിമാനം വിക്ടോറിയ റീജ്യണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നത്. തകരുന്നതിന് മുമ്പ് 5 മണിക്കൂറോളം വിമാനം പറന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
