കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 24 മലയാളികളില്‍ 22 പേരെ തിരിച്ചറിഞ്ഞതായി നോര്‍ക്ക അറിയിച്ചു. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതായും നോര്‍ക്ക അറിയിച്ചു. മൃതദേഹങ്ങള്‍ ഇന്ന് തന്നെ എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോര്‍ക്ക അറിയിച്ചു. അതേസമയം 12 പേര്‍ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അവരുടെ ചികിത്സ കുവൈത്തില്‍ തന്നെ തുടരും. അതേസമയം തീപിടിത്തത്തില്‍ 45 ഇന്ത്യക്കാരും 3 ഫിലിപ്പീന്‍സുകാരും മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൃതദേഹങ്ങള്‍ വേഗത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കുവൈത്ത് അമീറും നിര്‍ദേശം നല്‍കി. ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും കുവൈത്ത് വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സഹായധനം നല്‍കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കിര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി.
ആകാശ് ശശിധരന്‍ (പന്തളം), ബാഹുലേയന്‍ (മലപ്പുറം ), കേളു പൊന്മലേരി (കാസര്‍കോട് ),രഞ്ജിത്ത് (കാസര്‍കോട് ), ലൂക്കോസ് (കൊല്ലം ), സാജന്‍ ജോര്‍ജ് (കൊല്ലം ), ഷമീര്‍ (കൊല്ലം ), മുരളീധരന്‍ (പത്തനംതിട്ട ), സജു വര്‍ഗീസ് (പത്തനംതിട്ട ), നൂഹ് (മലപ്പുറം ), ശ്രീഹരി പ്രദീപ്(കോട്ടയം ), സ്റ്റെഫിന്‍ എബ്രഹാം സാബു (കോട്ടയം ), വിശ്വാസ് കൃഷ്ണന്‍ (കണ്ണൂര്‍) , തോമസ് ഉമ്മന്‍ (പത്തനംതിട്ട) എന്നിവരെയാണ് തിരിച്ചറഞ്ഞത്.
പ്രമുഖ മലയാളി വ്യവസായിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടില്‍ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടര്‍ന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്.
