കുവൈത്ത് സിറ്റി: 49 പേരുടെ ജീവനെടുത്ത തീപിടിത്തമുണ്ടായ കുവൈത്തിലെ ലേബര്‍ ക്യാമ്പ്, മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണ്. കുവൈത്തിലെ ഏറ്റവും വലിയ കണ്‍ട്രക്ഷന്‍ കമ്പനികളില്‍ ഒന്നാണ് എന്‍ബിടിസി. പത്തനംതിട്ട സ്വദേശിയായ വ്യവസായി കെ ജി എബ്രഹാമാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയുടെ ഉടമ കൂടിയാണ്.
കുവൈത്തിലെ പലഭാഗങ്ങളിലായി കമ്പനിക്ക് ലേബര്‍ ക്യാമ്പുകള്‍ ഉണ്ട്. ഇതില്‍ മാംഗെഫിലെ ക്യാമ്പിലാണ് കഴിഞ്ഞദിവസം തീപിടിത്തമുണ്ടാകുകയും 24 മലയാളികള്‍ ഉള്‍പ്പെടെ 45 ഇന്ത്യക്കാരും 3 ഫിലിപ്പീന്‍സുകാരും മരണപ്പെട്ടത്.
അതേസമയം മരണപ്പെട്ടവര്‍ക്ക് അടിയന്തര ധനസഹായം നല്‍കുമെന്ന് എന്‍ബിടിസി കമ്പനി അറിയിച്ചു. അടിയന്തരമായി എട്ട് ലക്ഷം രൂപ നല്‍കും. ആശ്രിതര്‍ക്ക് ജോലി, ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെ നല്‍കുമെന്നും കമ്പനി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
