അബുദാബി: യുഎഇയില്‍ വ്യാജ ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകള്‍ ചമച്ച് മലയാളികളില്‍ നിന്നടക്കം ഒട്ടേറെ പേരില്‍ നിന്ന് ലക്ഷക്കണക്കിന് ദിര്‍ഹം വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ തട്ടിയെടുത്തതായി ആരോപണം. കോടതി വിധി മറികടക്കാന്‍ രാജസ്ഥാന്‍ സ്വദേശികളായ പ്രതികള്‍ കമ്പനി പൂട്ടി പുതിയ പേരില്‍ ബിസിനസ് ആരംഭിക്കുകയും ചെയ്തതായിട്ടാണ് പരാതി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഈസ്റ്റേണ്‍ ഫാംസ് എല്‍എല്‍സി കമ്പനിക്കെതിരെ ദുബായ് പൊലീസില്‍ കൊച്ചി സ്വദേശികളായ അബ്ദുല്‍ ഗഫൂര്‍, ഫാഹിം അല്‍ കാസിമി, ഡോ. ഹുസ്‌ന ഗഫൂര്‍, ഫാരിസ് അല്‍ കാസിമി എന്നിവര്‍ ഡയറക്ടര്‍മാരായ പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനം ‘കെ എന്‍ ട്രേഡിങ്’ അധികൃതരാണ് ഒന്നര കോടി രൂപ (ആറ് ലക്ഷം ദിര്‍ഹം)യുടെ നഷ്ടത്തിനും വഞ്ചനയ്ക്കുമെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിനി ഭാവന ജെയിന്‍, നിതിന്‍ ദിക്ഷിത് എന്നിവരാണ് ഈസ്റ്റേണ്‍ ഫാംസ് കമ്പനിയുടമകള്‍.
തേങ്ങ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ആസ്ഥാനമായുള്ള കെ എന്‍ ട്രേഡിങ് കമ്പനിയുമായി 2021 സെപ്റ്റംബറിലാണ് തട്ടിപ്പ് നടത്തിയ ഈസ്റ്റേണ്‍ ഫാംസ് കമ്പനി അധികൃതര്‍ കരാറിലേര്‍പ്പെടുന്നത്. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ദുബായിലേക്ക് അയച്ചുകൊടുത്ത ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ ഉല്‍പന്നങ്ങള്‍ കൈപ്പറ്റിയ ശേഷം ഇവര്‍ പണം നല്‍കാതെ മാസങ്ങളോളം ഒഴിഞ്ഞുമാറുകയായിരുന്നു.
തുടര്‍ന്ന് പണം ബാങ്ക് വഴി അയച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രതികള്‍ വ്യാജമായി നിര്‍മിച്ച ബാങ്ക് ട്രാന്‍സ്ഫര്‍ രേഖ (ബാങ്ക് റെസീപ്റ്റ്) കെ എന്‍ ട്രേഡിങ് കമ്പനിക്ക് വാട്‌സാപ്പ്, ഇമെയില്‍ വഴി അയച്ചുകൊടുത്തു. എന്നാല്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക എത്തിയിട്ടില്ലെന്ന് കണ്ട് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതികള്‍ നല്‍കിയ ബാങ്ക് രേഖ പൂര്‍ണമായും വ്യാജമായി ചമച്ചതാണെന്ന് ബോധ്യപ്പെട്ടതെന്ന് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ബാങ്കില്‍ നിന്ന് ലഭിച്ച ഔദ്യോഗിക സ്ഥിരീകരണവും പ്രതികളുടെ വഞ്ചന വ്യക്തമാക്കുന്നതായിരുന്നു. സാമ്പത്തിക വഞ്ചന വ്യക്തമായതിനെ തുടര്‍ന്ന് ഞങ്ങള്‍ ആദ്യം ദുബായ് ചേംബറിനെ സമീപിക്കുകയും അവര്‍ പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് ദുബായ് സിവില്‍ കോടതിയെ സമീപിക്കുകയും കോടതി രേഖകള്‍ വിശദമായി പരിശോധിച്ച് കെ എന്‍ ട്രേഡിങ്ങിന് അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു.
പലിശയും കോടതി ചെലവുകളും ഉള്‍പ്പെടെയുള്ള തുക കെ എന്‍ ട്രേഡിങ്ങിന് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി വിധി നടപ്പിലാക്കുന്നതില്‍ നിന്നും നിയമപരമായ ബാധ്യതകളില്‍ നിന്നും രക്ഷപ്പെടാനായി പ്രതികള്‍ അവരുടെ ദുബായിലെ കമ്പനി ധൃതിപിടിച്ച് പൂട്ടുകയും ഇതേ ആളുകള്‍ ചേര്‍ന്ന് മറ്റൊരു എമിറേറ്റില്‍ പുതിയ പേരില്‍ സമാനമായ ബിസിനസ് സ്ഥാപനം ആരംഭിച്ച് തട്ടിപ്പ് തുടരുകയുമാണുണ്ടായത്. കോടതി വിധിയെ മറികടക്കാനും നിയമത്തെ വെല്ലുവിളിക്കാനും പ്രതികള്‍ ബോധപൂര്‍വം നടത്തിയ ഈ നീക്കത്തിനെതിരെയാണ് കമ്പനി ഇപ്പോള്‍ ബര്‍ ദുബായ് പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ പരാതി നല്‍കിയിരിക്കുന്നത്.
വ്യാജ രേഖ ചമയ്ക്കല്‍, സാമ്പത്തിക വഞ്ചന, കോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം എന്നിവ ചൂണ്ടിക്കാട്ടിയാണ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തി അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും തങ്ങള്‍ക്കുണ്ടായ ഭീമമായ നഷ്ടം ഈടാക്കി നല്‍കണമെന്നും കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
It is alleged that several people, including Malayalis, were defrauded of products worth lakhs of dirhams by forging fake bank transfer documents in the UAE. The complaint alleges that the accused, who are natives of Rajasthan, closed the company and started the business under a new name.
