ദോഹ: ഇറാന്‍ ആക്രമണത്തിന്റെ രണ്ടാം ദിവസം യുഎഇ വ്യോമസേനയും വ്യോമ പ്രതിരോധ സേനയും 20 ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി നശിപ്പിക്കുകയും 8 മിസൈലുകള്‍ കടലില്‍ വീഴ്ത്തുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം. 2 ക്രൂയിസ് മിസൈലുകളും 311 ഡ്രോണുകളും നശിപ്പിച്ചു, അതേസമയം 21 ഡ്രോണുകള്‍ സിവിലിയന്‍ ലക്ഷ്യങ്ങളില്‍ പതിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ, ഫെബ്രുവരി 28 ന് ഇറാനിയന്‍ ആക്രമണം ആരംഭിച്ചതിനുശേഷം, ഇറാനില്‍ നിന്ന് രാജ്യത്തേക്ക് വിക്ഷേപിച്ച 165 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയതായും അതില്‍ 152 എണ്ണം നശിപ്പിക്കപ്പെട്ടതായും 13 എണ്ണം കടലില്‍ വീണതായും 2 ക്രൂയിസ് മിസൈലുകള്‍ കണ്ടെത്തി നശിപ്പിച്ചതായും 541 ഇറാനിയന്‍ ഡ്രോണുകള്‍ കണ്ടെത്തിയതായും അതില്‍ 506 എണ്ണം തടഞ്ഞ് നശിപ്പിച്ചതായും 35 എണ്ണം രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വീണതായും ഇത് ഭൗതിക നാശനഷ്ടങ്ങള്‍ വരുത്തിവച്ചതായും 3 പേരുടെ മരണത്തിന് കാരണമായതായും മന്ത്രാലയം അറിയിച്ചു. പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എമിറാത്തി, ഈജിപ്ഷ്യന്‍, എത്യോപ്യന്‍, ഫിലിപ്പിനോ, പാകിസ്ഥാന്‍, ഇറാനിയന്‍, ഇന്ത്യ, ബംഗ്ലാദേശി, ശ്രീലങ്കന്‍, അസര്‍ബൈജാനി, യെമന്‍, ഉഗാണ്ടന്‍, എറിട്രിയന്‍, ലെബനീസ്, അഫ്ഗാന്‍ എന്നീ രാജ്യങ്ങളിലെ 58 പേര്‍ക്ക് നിസ്സാര പരിക്കുകള്‍ സംഭവിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തടഞ്ഞതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അവയുടെ ചില അവശിഷ്ടങ്ങള്‍ വീഴുകയും ഇത് നിരവധി സിവിലിയന്‍ സ്വത്തുക്കളില്‍ ചെറുതും മിതവുമായ ഭൗതിക നാശനഷ്ടങ്ങള്‍ക്ക് കാരണമായതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം ഏത് ഭീഷണികളെയും നേരിടാന്‍ അതീവ ജാഗ്രതയും സജ്ജീകരണവുമാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുന്‍ഗണനയെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
