മലപ്പുറം: ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പ്രവാസികള്‍ പുറത്താകുമെന്ന് ആശങ്ക. അഞ്ച്‌വര്‍ഷം ക്ഷേമനിധി അംശദായം അടയ്ക്കുകയും 60 വയസ്സ് പൂര്‍ത്തിയാകുകയും ചെയ്തവര്‍ക്കാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. ഈ പദ്ധതിയില്‍ ചേര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കി പെന്‍ഷന് അര്‍ഹരായവര്‍ക്ക് നിലവില്‍ കുടിശിക അടയ്ക്കാന്‍ അവസരം നിഷേധിച്ചിരിക്കുന്നതായാണ് വിവരം. നേരത്തെ ഓണ്‍ലൈനായി കുടിശിക അടയ്ക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നുമുതല്‍ കാരണമൊന്നും പറയാതെ ഇത് നിര്‍ത്തലാക്കി. ഏഴു ലക്ഷത്തിലേറെ പേര്‍ അംഗങ്ങളായ പദ്ധതിയില്‍ നിലവില്‍ ഏഴായിരത്തോളം പേരാണ് പെന്‍ഷന് അര്‍ഹത നേടിയിട്ടുള്ളത്.
പ്രവാസികള്‍ക്ക് മാസം 350 രൂപയും മടങ്ങിയെത്തിയവര്‍ക്ക് 200 രൂപയുമാണ് അംശദായം അടയ്‌ക്കേണ്ടത്. പ്രവാസികള്‍ക്ക് 3500 രൂപയും മടങ്ങിയെത്തിയവര്‍ക്കു 3000 രൂപയും പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. അംശദായം അടച്ച കാലയളവ് കണക്കിലെടുത്ത് 4000 മുതല്‍ 7000 രൂപവരെ പെന്‍ഷനായി ലഭിക്കും.
അതേസമയം പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന പലരും നാട്ടിലെത്തുമ്പോഴാണു കുടിശിക അടച്ചു തീര്‍ക്കുന്നത്. നേരത്തെ 60 വയസ്സു പൂര്‍ത്തിയായതും പെന്‍ഷന് അര്‍ഹരായവര്‍ക്കും കുടിശിക അടയ്ക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഇതാണ് നിര്‍ത്തലാക്കിയത്. പദ്ധതിയില്‍ ചേരുകയും 60 വയസ്സ് പൂര്‍ത്തിയാകുകയും ചെയ്തവര്‍ക്കു കുടിശികയുണ്ടെങ്കില്‍ പെന്‍ഷന്‍ ലഭിക്കില്ല. കുടിശിക അടച്ചു തീര്‍ക്കാനും പറ്റാതാകുന്നതോടെ ഇവര്‍ പദ്ധതിയില്‍നിന്നു പുറത്താകും. കുടിശ്ശിക അടയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായാല്‍ കുടിശിക സ്വീകരിക്കില്ലെന്ന അറിയിപ്പാണ് ഇപ്പോള്‍ ലഭിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
