മസ്‌കത്ത്: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ‘സ്പീഡ്മാക്‌സ്’ സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍. ഒമാന് പുറത്തുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും വിതരണക്കാരില്‍ നിന്നും സ്പീഡ്മാക്സ് സി എഫ് ബ്രാന്‍ഡ് സൈക്കിളുകള്‍ (പ്രത്യേകിച്ച് ആര്‍ ഒ 73, ആര്‍ 41 മോഡലുകള്‍) വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് ഒമാന്‍ ഉപഭോക്തൃ സംരക്ഷണ വിഭാഗം (സിപിഎ) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടനാപരമായ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രത്യേക മോഡലുകളിലെ ഫോര്‍ക്ക് സ്റ്റിയറര്‍ ട്യൂബ് (ആര്‍ ഒ 73, ആര്‍ 41, സാധാരണയായി 2016-2024 മോഡല്‍ വര്‍ഷങ്ങളില്‍ നിന്നുള്ളത്, ഇവ വി21 എയറോസ്റ്റം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതാണ്) പൊട്ടാന്‍ സാധ്യതയുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഘടനാപരമായ പരാജയം സംഭവിക്കുമ്പോള്‍, അത് കോക്ക്പിറ്റ് അസംബ്ലി (സ്റ്റം, ഹാന്‍ഡില്‍ബാര്‍) വേര്‍പെടുത്താന്‍ ഇടയാക്കും. ഇത് കുഴിയില്‍ ഇടിക്കുന്നത് പോലുള്ള ആഘാതത്തിനും വീഴാനും സൈക്ലിസ്റ്റിന് ഗുരുതരമായ പരുക്കേല്‍ക്കാനും സാധ്യതയുണ്ടെന്ന് അതോറിറ്റി പറഞ്ഞു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയോ നേരിട്ട് ഇറക്കുമതി ചെയ്യുമ്പോഴോ സൈക്കിളുകള്‍ പോലുള്ള ഉയര്‍ന്ന വിലയുള്ള പ്രത്യേക ഇനങ്ങള്‍ വാങ്ങുമ്പോഴും ഉല്‍പന്നങ്ങള്‍ അംഗീകൃത സുരക്ഷാ സവിശേഷതകള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
