അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. ബാഗേജുകൾ കൃത്യമായി പരിശോധിച്ച് നിരോധിത ഭക്ഷണസാധനങ്ങളോ മരുന്നുകളോ മറ്റ് നിയന്ത്രണമുള്ള ഉൽപന്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും കോൺസുലേറ്റ് ജനറലും മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ യഥേഷ്ടം ലഭ്യമായതോ നിയമപരമായി വിൽക്കുന്നതോ ആയ പല സാധനങ്ങളും യുഎഇ നിയമപ്രകാരം കർശനമായി നിരോധിച്ചവയോ നിയന്ത്രണമുള്ളവയോ ആയിരിക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. യുഎഇ സന്ദർശിക്കുന്നവർക്കും അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിങ് യാത്ര നടത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും ഈ നിയമങ്ങൾ ബാധകമാണ്. ഇത്തരത്തിലുള്ള വസ്തുക്കൾ അറിയാതെയാണെങ്കിൽ പോലും കൈവശം വയ്ക്കുന്നത് ഉൽപന്നങ്ങൾ പിടിച്ചെടുക്കൽ, കനത്ത പിഴ, തടങ്കൽ, നാടുകടത്തൽ എന്നിവയ്ക്കും ഗുരുതരമായ കേസുകളിൽ ക്രിമിനൽ നടപടികൾക്കും കാരണമായേക്കാം.
ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ തങ്ങളുടെ കയ്യിലോ ചെക്ക്-ഇൻ ബാഗേജിലോ കസ്കസ് (പോപ്പി സീഡ്സ്), ഖാട്ട് ഇലകൾ, വെറ്റില, അടയ്ക്ക, പുകയില ഉൽപന്നമായ നിസ്വാർ, ഗുഡ്ക ഉൾപ്പെടെയുള്ള ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങൾ എന്നിവ കൊണ്ടുപോകാൻ പാടില്ല. അവ പൂർണമായും നിരോധിച്ചിട്ടുണ്ട്.
മരുന്നുകൾ കൈവശം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലഹരിമരുന്ന്, സൈക്കോട്രോപിക് അല്ലെങ്കിൽ മറ്റ് നിയന്ത്രിത ഘടകങ്ങൾ അടങ്ങിയ മരുന്നുകളുടെ കാര്യത്തിൽ യുഎഇയിൽ കടുത്ത നിബന്ധനകളാണുള്ളത്. ചില ഉറക്കഗുളികകൾ, ശക്തമായ വേദനാസംഹാരികൾ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മരുന്നുകൾ എന്നിവ നിയന്ത്രിത അല്ലെങ്കിൽ പകുതി നിയന്ത്രിത വിഭാഗത്തിൽ പെട്ടേക്കാം.
മരുന്നുകൾ കൊണ്ടുപോകുന്നവർ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം.
∙ ആവശ്യമെങ്കിൽ യാത്രയ്ക്ക് മുൻപ് മരുന്നുകളുടെ വ്യക്തിഗത ഉപയോഗത്തിനായുള്ള ഔദ്യോഗിക ഇംപോർട്ട് പെർമിറ്റ് നേടുക.
∙ ഡോക്ടറുടെ സാധുവായ കുറിപ്പടിയോ വിശദമായ മെഡിക്കൽ റിപോർട്ടോ കരുതുക.
∙ അനുവദനീയമായ അളവിൽ കൂടുതൽ മരുന്ന് കയ്യിൽ കരുതാതിരിക്കുക.
ആവശ്യമായ കുറിപ്പടിയോ പെർമിറ്റോ ഇല്ലാതെ മരുന്നുകൾ കൊണ്ടുപോകുന്നതോ അനുവദനീയമായ അളവിൽ കൂടുതൽ സൂക്ഷിക്കുന്നതോ ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കും. ഇന്ത്യയിൽ നിയമപരമായി നൽകിയ കുറിപ്പടിയാണെങ്കിൽ പോലും ഉൽപന്നങ്ങൾ കണ്ടുകെട്ടൽ, അറസ്റ്റ്, വിചാരണ, തടവുശിക്ഷ എന്നിവയ്ക്ക് സാധ്യതയുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
