ഡൽഹി: സായുധസേനയിലെ അഗ്നിവീറുകളുടെ കാലാവധി 2 വർഷം കൂടി നീട്ടാൻ തീരുമാനം. 4 വർഷം മുൻപാണു സേനയിൽ അഗ്നിവീറുകളെ ആദ്യമായി റിക്രൂട്ട് ചെയ്തത്. നാവികസേനയിൽ പ്രവേശനം നേടിയ ആദ്യ സംഘം ഈ മാസം 21നു കാലാവധി പൂർത്തിയാക്കും. വ്യോമസേനയിൽ നിന്നുള്ള ആദ്യ സംഘം ഡിസംബർ 21നും കരസേനയിലെ ആദ്യ അഗ്നിവീർ സംഘം ഡിസംബർ 31നും കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് നിർണായക തീരുമാനം.
കാലാവധി പൂർത്തിയാക്കിയ 75% അഗ്‌നിവീറുകൾക്കും 2 വർഷം കൂടി കാലാവധി നീട്ടും. അതിനു ശേഷം അവർക്ക് താൽപര്യമുണ്ടെങ്കിൽ സേനയിൽ തുടരാൻ അവസരം നൽകും. ഫലത്തിൽ, മുൻപ് തിരുമാനിച്ച മാനദണ്ഡങ്ങൾ എല്ലാം പരിഷ്‌കരിക്കാൻ കേന്ദ്രം തിരുമാനിച്ചിരിക്കുകയാണ്. 2 വർഷത്തെ അധിക സമയത്ത് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിക്കും.
കാലാവധി നീട്ടാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ശുപാർശയും റിപ്പോർട്ടും കേന്ദ്രസർക്കാരിന്റെ പരിഗണനയിലായിരുന്നു. പതിനായിരക്കണക്കിനു സൈനികർ ഒരുമിച്ചു വിരമിക്കുന്നതു പ്രതിസന്ധിക്കു കാരണമാകുമെന്ന സാഹചര്യത്തിലാണു കാലാവധി നീട്ടുന്നതു സജീവമായി പരിഗണിച്ചത്
നാലു വർഷമാണ് അഗ്നിവീറുകളുടെ കാലാവധി. ഇതിനു ശേഷം 25 ശതമാനം പേരെ മാത്രമാണു സൈന്യത്തിൽ തുടരാൻ അനുവദിക്കുക. ഇതു വർധിപ്പിക്കുന്നതിനുള്ള ശുപാർശയും അന്തിമ പരിഗണനയിലുണ്ട്. ദൗത്യത്തിൽ മരിക്കുന്ന അഗ്നിവീറുകൾക്കു സാധാരണ സൈനികരെപ്പോലെ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നു 2023ൽ പാർലമെന്ററി സ്ഥിരം സമിതി ശുപാർശ ചെയ്തിരുന്നു. വിരമിക്കുന്ന മുഴുവൻ അംഗങ്ങൾക്കും 2 വർഷം അധികമായി നൽകുമോ നിശ്ചിത എണ്ണം അഗ്നിവീറുകളെ മാത്രം നിലനിർത്തുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം ചർച്ചകൾ നടക്കുന്നുവെന്നാണു വിവരം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
