ദുബായ്: എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. വിമാനങ്ങളുടെയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക മുന്‍ഗണന നല്‍കിയാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത്.
സാധാരണയായി വിമാന യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ യാത്രക്കാര്‍ പവര്‍ ബാങ്കുകളെ ആശ്രയിക്കാറുണ്ട്. ഇതും അനുവദിക്കില്ല. ലിഥിയം-അയണ്‍ ബാറ്ററികള്‍ക്ക് തീപിടിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ സമീപകാലത്ത് വര്‍ധിച്ചുവരുന്നതിനാലാണ് കര്‍ശന നടപടി. ബാറ്ററിക്ക് കേടുപാടുകള്‍ സംഭവിക്കുകയോ അമിതമായി ചാര്‍ജ് ചെയ്യുകയോ ചെയ്താല്‍, ‘തെര്‍മല്‍ റണ്‍എവേ’ എന്ന പ്രതിഭാസം കാരണം ബാറ്ററി അമിതമായി ചൂടാവുകയും തീയോ സ്‌ഫോടനമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും എമിറേറ്റ്സ് ചൂണ്ടിക്കാട്ടി. എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
വിമാനത്തിനുള്ളില്‍ വെച്ച് പവര്‍ ബാങ്ക് ഉപയോഗിച്ച് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനോ, അല്ലെങ്കില്‍ വിമാനത്തിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനോ പാടില്ല. ഒരു യാത്രക്കാരന് പരമാവധി ഒരു പവര്‍ ബാങ്ക് മാത്രമേ കൈവശം വെക്കാന്‍ പാടുള്ളൂ. ഇത് എപ്പോഴും ഹാന്‍ഡ് ബാഗേജില്‍ മാത്രം സൂക്ഷിക്കണം. ചെക്ക്-ഇന്‍ ബാഗേജില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
100 വാട്ട്-അവര്‍ ശേഷിയുള്ള പവര്‍ ബാങ്കുകള്‍ മാത്രമേ അനുവദിക്കൂ. ഇത് പവര്‍ ബാങ്കില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. യാത്ര ചെയ്യുമ്പോള്‍ പവര്‍ ബാങ്ക് ഒരിക്കലും തലയ്ക്ക് മുകളിലുള്ള ലഗേജ് കംപാര്‍ട്ട്മെന്റില്‍ വെക്കരുത്. പകരം, നിങ്ങളുടെ സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ ഭദ്രമായി സൂക്ഷിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
