അബുദാബി: യുഎഇയിലെ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷത്തിലേക്ക് കടന്നതോടെ പുതിയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. സ്‌കൂള്‍ സന്ദര്‍ശിക്കുന്നതിനും കുട്ടികളെ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകാനും അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) നിബന്ധനകള്‍ കര്‍ശനമാക്കി.
സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ സ്‌കൂള്‍ സുരക്ഷാ ഗേറ്റില്‍ പേരെഴുതി ഒപ്പിട്ട ശേഷമേ അകത്തു കടക്കാവൂ, സെക്യൂരിറ്റി നല്‍കുന്ന പ്രവേശന പാസ് വ്യക്തമായി കാണത്തക്കവിധം ധരിക്കണം, തിരിച്ചു പോകുമ്പോള്‍ പാസ് സെക്യൂരിറ്റിയെ ഏല്‍പിക്കണം, സന്ദര്‍ശിക്കേണ്ട ഉദ്യോഗസ്ഥന്റെയോ അദ്ദേഹത്തിന്റെ അഭാവത്തില്‍ പകരക്കാരന്റെയോ അനുമതിയില്ലാതെ മറ്റിടങ്ങളിലേക്കു പോകരുത്, അനുവാദമില്ലാതെ ക്ലാസ് മുറിയിലേക്കു പ്രവേശിക്കരുത്, സ്‌കൂള്‍ സന്ദര്‍ശിക്കുന്നവര്‍ എമിറേറ്റ്‌സ് ഐഡി കരുതണം, ആഗമനോദേശം വ്യക്തമാക്കണം, സന്ദര്‍ശകന്റെ ആവശ്യങ്ങള്‍ നിറവേറ്റിയെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം, സ്‌കൂളിന്റെയോ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അംഗങ്ങളുടെയോ ഡേറ്റ, രേഖകള്‍, റെക്കോര്‍ഡ് എന്നിവയുടെ പകര്‍പ്പ് നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലം എഴുതി സൂക്ഷിക്കണം.
പിക്കപ് നിയമങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കോ രേഖാമൂലം ചുമതലപ്പെടുത്തിയ ആള്‍ക്കോ മാത്രമേ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടുപോകാനും അനുവദിക്കൂ, സ്ഥിരം എന്‍ട്രി പെര്‍മിറ്റ് ഇല്ലാത്ത ഒരാള്‍ മക്കളെ കൂട്ടാന്‍ എത്തുന്നുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലം സ്‌കൂളിനെ അറിയിക്കണം. നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. ഗതാഗതത്തിന് മാര്‍ഗതടസ്സം ഉണ്ടാക്കുംവിധം റോഡിന്റെ മധ്യത്തില്‍ പാര്‍ക്ക് ചെയ്യരുത്.
അതേസമയം അടിയന്തിര സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥിയെ കൊണ്ടുപോകുന്ന വ്യക്തിയുടെ പേര് മാതാപിതാക്കള്‍ സ്‌കൂളിനെ വിളിച്ചോ ഇ-മെയില്‍ വഴിയോ അറിയിക്കണം. ഇക്കാര്യം യഥാസമയം സ്‌കൂള്‍ അധികൃതര്‍ സെക്യൂരിറ്റി ഗാര്‍ഡ്, അധ്യാപകര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരെ അറിയിച്ച് നടപടി സ്വീകരിക്കണം. നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തി വിദ്യാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തുമ്പോഴും തിരിച്ചു പോകുമ്പോഴും എമിറേറ്റ്‌സ് ഐഡി പരിശോധിച്ച് ഉറപ്പാക്കണം. കുട്ടിയുടെ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒത്തുനോക്കി ഉറപ്പാക്കണം. വിദ്യാര്‍ത്ഥികളെയോ സ്‌കൂള്‍ ജീവനക്കാരെയോ ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ വഞ്ചിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അഡെക് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും വ്യക്തമാക്കി.
പ്രമേഹം, രക്തസമ്മര്‍ദം, ആസ്മ തുടങ്ങി വിട്ടുമാറാത്ത അവസ്ഥകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കുന്നതിന് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. നിര്‍ദിഷ്ട മരുന്നുകളുടെ ഇനം, ഔദ്യോഗിക മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടെ കൃത്യമായ ആരോഗ്യ വിവരങ്ങള്‍ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മാതാപിതാക്കളുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ആരോഗ്യസേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നു. കുട്ടിക്ക് വിട്ടുമാറാത്ത അസുഖമുണ്ടെങ്കില്‍ മാതാപിതാക്കള്‍ സ്‌കൂളിലെ അഡ്മിനിസ്‌ട്രേഷനെയും നഴ്‌സിനെയും അറിയിക്കണം. സ്‌പെഷലിസ്റ്റ് ഹെല്‍ത്ത് കെയര്‍ അതോറിറ്റി നല്‍കിയ ഏറ്റവും പുതിയ വിവരങ്ങള്‍ അടങ്ങിയ മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കണം. സ്‌കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യം നിരീക്ഷിക്കാന്‍ ഇതു സഹായകമാകും.
ആന്റിബയോട്ടിക്ക്, ഇന്‍സുലിന്‍ തുടങ്ങി സ്‌കൂള്‍ സമയത്ത് മരുന്ന് നല്‍കേണ്ടതുണ്ടെങ്കില്‍ അക്കാര്യം സ്‌കൂളിനെ പ്രത്യേകം അറിയിക്കണം. വിദ്യാര്‍ഥിയുടെ പേര്, മരുന്ന്, അളവ്, സമയം എന്നിവ വ്യക്തമാക്കുന്ന ഒരു മെഡിക്കല്‍ കുറിപ്പടി സഹിതമാണ് മരുന്നുകള്‍ സ്‌കൂള്‍ ക്ലിനിക്കില്‍ സമര്‍പ്പിക്കേണ്ടത്. ആവശ്യമുള്ളപ്പോള്‍ മരുന്ന് സംഭരിക്കാനും നല്‍കാനും സ്‌കൂള്‍ ക്ലിനിക്കിനെ അനുവദിക്കുന്ന സമ്മതപത്രവും മാതാപിതാക്കള്‍ ഒപ്പിട്ടുനല്‍കണം.
കായികക്ഷമതാ പരിശീലനത്തില്‍ നിന്നോ അസംബ്ലിയില്‍ നിന്നോ ഇളവ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കണം. യഥാര്‍ത്ഥ പായ്ക്കറ്റിലുള്ള മരുന്നുകളാണ് ക്ലിനിക്കില്‍ ഏല്‍പിക്കേണ്ടത്. അവ വ്യക്തമായി ലേബല്‍ ചെയ്തിരിക്കണം. മരുന്നുകളുടെ പേര്, അളവ്, കഴിക്കേണ്ട വിധം, സമയം എന്നിവ അടങ്ങിയ ഡോക്ടറുടെ കുറിപ്പടിയും ഇതോടൊപ്പം ഉണ്ടായിരിക്കണം. ഇങ്ങനെ രക്ഷിതാക്കള്‍ എത്തിക്കുന്ന മരുന്നുകള്‍ രേഖപ്പെടുത്തി സ്‌കൂള്‍ ക്ലിനിക്കില്‍ മതിയായ താപനില ക്രമീകരിച്ച് സൂക്ഷിക്കുകയും സമയബന്ധിതമായി കുട്ടികള്‍ക്ക് നല്‍കുകയും വേണം. ഇതുസംബന്ധിച്ച് എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസിന്റെ ഹെല്‍ത്ത് സമ്മതപത്രം രക്ഷിതാക്കള്‍ ഒപ്പിട്ട് സ്‌കൂളിന് നല്‍കണം. ഇതു ചെയ്യാതെ മരുന്നുകള്‍ ബാഗില്‍ ക്ലാസില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
