ഫ്‌ളോറിഡ: ഇത് പുതിയ ചരിത്രം. ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്. ആക്‌സിയം 4 കുതിച്ചുയര്‍ന്നു. വിക്ഷേപണം വിജയകരമായി. രണ്ടാം ഘട്ടവും വിജയകരമായി നടന്നു. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.
ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് പേരാണ് ആക്‌സിയം 4 ദൗത്യം സ്‌പേസ് എക്‌സിലുള്ളത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനാണ് ശുഭാംശു ശുക്ല. മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യ സംഘത്തിലുള്ളത്.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് ഫാല്‍ക്കല്‍ 9 റോക്കറ്റില്‍ ആക്‌സിയം 4 കുതിച്ചുയര്‍ന്നു. ചരിത്ര നിമിഷത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ ശുഭാംശു ശുക്ലയുടെ മാതാപിതാക്കളും കോംപ്ലക്‌സില്‍ എത്തിയിരുന്നു. നാളെ വൈകിട്ട് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തും. ബഹിരാകാശ നിലയത്തില്‍ സംഘം 14 ദിവസം ചെലവഴിക്കും.
നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത് എന്നതാണ് ശുഭാംശു ശുക്ലയുടെ ഐഎസ്എസ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. 1984ല്‍ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തില്‍ രാകേഷ് ശര്‍മ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
