റിയാദ്: സൗദി അറേബ്യയിലെ ജയില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം നീളാന്‍ കാരണം പൊതു അവകാശം. കേസ് ഇന്നലെ പരിഗണിച്ചെങ്കിലും തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെച്ചു. പൊതു അവകാശം അനുസരിച്ചുള്ള കേസ് ഇതേവരെ തീര്‍പ്പായിട്ടില്ല. പൊതു അവകാശം സംബന്ധിച്ച കേസ് കൂടി അവസാനിച്ചാല്‍ മാത്രമേ റഹീമിന് പുറത്തിറങ്ങാനാകൂ. ഇനി ഈ മാസം 26ന് രാവിലെ ഒമ്പതരക്കാണ് ഇനി കേസ് പരിഗണിക്കുക.
കേസുമായി ബന്ധപ്പെട്ട ഒറിജിനല്‍ രേഖകള്‍ വിശദമായി പരിശോധിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിവെച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കോടതി വരുത്തി. ഈ കേസ് പരിഗണിച്ചിരുന്ന ജഡ്ജിമാരില്‍ ഒരാള്‍ ഏതാനും മാസം മുമ്പ് ബെഞ്ച് മാറിയതും കേസ് വൈകാന്‍ കാരണമായി. പഴയ കേസ് സംബന്ധിച്ചുള്ള ചില കാര്യങ്ങളില്‍ ന്യായാധിപന്‍മാര്‍ ചില വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടതും കേസ് നീളാന്‍ ഇടയാക്കി.
സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. 2006 നവംബറിലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റഹീം അറസ്റ്റിലായത്. അതേസമയം, റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം നിലവില്‍ ഇരുപതാം വര്‍ഷത്തിലേക്ക് കടന്നു. പൊതു അവകാശം സംബന്ധിച്ചുള്ള കേസില്‍ പ്രതിക്ക് തടവുശിക്ഷയാണ് വിധിക്കുക. 20 വര്‍ഷമായി തടവിലായതിനാല്‍ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുല്‍ റഹീമിന്റെ മോചനത്തിന് അക്കാര്യം തടസ്സമാകില്ല.
സ്വകാര്യ അവകാശം, പൊതു അവകാശം എന്നിങ്ങിനെ രണ്ടു ഘട്ടമായാണ് സൗദിയില്‍ വ്യക്തികളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുക. രണ്ടു വ്യക്തികള്‍ തമ്മിലുള്ള കേസാണെങ്കില്‍ അതില്‍ ആദ്യത്തെ ഭാഗമാണ് സ്വകാര്യ അവകാശം. അതായത് ഇരുവ്യക്തികളും തമ്മിലുള്ള കേസ് തീര്‍പ്പാക്കും. തുടര്‍ന്നാണ് പൊതുഅവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുക. കൊലപാതക കേസുകളില്‍ ആദ്യം സ്വകാര്യ അവകാശം തീര്‍പ്പാക്കും. റഹീമിന്റെ കേസിന്റെ കാര്യത്തില്‍ സ്വകാര്യ അവകാശം തീര്‍പ്പാക്കിയിട്ടുണ്ട്. വാദിഭാഗം പ്രതിക്രിയ ആവശ്യപ്പെടുകയാണെങ്കില്‍ വധശിക്ഷ നടപ്പാക്കുകയാണ് ചെയ്യുക. മെഡിക്കല്‍ റിപ്പോര്‍ട്ട്, സംഭവം നടന്നപ്പോഴും പിന്നീടുണ്ടായ സാഹചര്യങ്ങള്‍ എന്നിവയെല്ലാം സ്വകാര്യഅവകാശ കേസിലെന്ന പോലെ പൊതുഅവകാശ കേസിലും പരിശോധിക്കും. ഇതിന് ശേഷം മാത്രമേ അന്തിമ വിധിയുണ്ടാകൂ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
