വയനാട്: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയം. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കിയായിരുന്നു പ്രിയങ്കയുടെ മുന്നേറ്റം. കന്നിയങ്കത്തില്‍ 4,08,036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ പ്രിയങ്കാ ഗാന്ധി വിജയമുറപ്പിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നാണ് പ്രിയങ്കയുടെ വിജയം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്.
ആകെ ലഭിച്ച വോട്ട്: പ്രിയങ്കാ ഗാന്ധി (യുഡിഎഫ്) – 6,22,338, സത്യന്‍ മൊകേരി (എല്‍ഡിഎഫ്) – 2,11,407, നവ്യ ഹരിദാസ് (ബിജെപി) – 1,09,939
അതേസമയം വോട്ടിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങിയതോടെ തന്നെ പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷം കടക്കുമെന്ന് വ്യക്തമായിരുന്നു. ഡല്‍ഹിയിലെ പ്രിയങ്ക ഗാന്ധിയുടെ വസതിക്ക് മുന്നില്‍ മധുരം വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വിജയം ആഘോഷിച്ചു.
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം. രാഹുല്‍ തന്റെ കന്നിയങ്കത്തില്‍ 18,198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയമുറപ്പിച്ചത്. ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ ജയം. മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
പിരായിരി പഞ്ചായത്തില്‍ രാഹുലിന്റെ ലീഡ് കുത്തനെ ഉയര്‍ന്നു. ഇവിടെ മാത്രം 6,775 വോട്ട് നേടിയ രാഹുല്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെക്കാള്‍ 4,124 വോട്ടുകളുടെ മുന്‍തൂക്കവും പിരായിരിയില്‍ നേടി. ഒന്‍പതാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,291 വോട്ട് ലീഡ് രാഹുല്‍ സ്വന്തമാക്കി.
ആകെ ലഭിച്ച വോട്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍ (യുഡിഎഫ്) – 58,389, പി സരിന്‍ (എല്‍ഡിഎഫ്) – 37,293, പി കൃഷ്ണദാസ് (ബിജെപി) – 39,549.
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയം ഉറപ്പിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി പ്രദീപ് മുന്നേറിയിരുന്നു. ചേലക്കരയില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.
ആകെ ലഭിച്ച വോട്ട്: യു ആര്‍ പ്രദീപ് (എല്‍ഡിഎഫ്) – 64,827, രമ്യ ഹരിദാസ് (യുഡിഎഫ്) – 52,626, കെ ബാലകൃഷ്ണന്‍ (ബിജെപി) – 33,609.
ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. വരവൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എല്‍ഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിര്‍ത്തിയ മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷ നിലനിര്‍ത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ രമ്യ ഹരിദാസിന് സാധിച്ചില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
