ദോഹ: ഗസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ ഖത്തറിന്റെ മധ്യസ്ഥ പ്രക്രിയ ഇപ്പോള്‍ യാഥാര്‍ത്ഥ്യബോധമുള്ളതായി തോന്നുന്നില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. ചര്‍ച്ചക്കാരെ ദുര്‍ബലപ്പെടുത്താനും മധ്യസ്ഥത വഹിക്കുന്ന രാജ്യത്തെ ബോംബിടാനുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത്, അതിനാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യബോധമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം ഇന്നലെ നടത്തിയ പ്രതിവാര മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.
ഖത്തര്‍ നിലവില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് രാജ്യത്തിന്റെ ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിലും വഞ്ചനാപരമായ ഇസ്രായേലിന്റെ ആക്രമണത്തോട് പ്രതികരിക്കുന്നതിലും ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റെല്ലാ രാഷ്ട്രീയ പരിഗണനകളും നിലവിലെ സാഹചര്യത്തില്‍ രണ്ടാമത്തേതാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യസ്ഥതയില്‍ അമേരിക്കയുടെ പങ്കിനെ ഖത്തര്‍ മനസ്സിലാക്കുന്നു, ഗാസയുടെ കാര്യത്തില്‍ മാത്രമല്ല, ആഗോള തലത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ സഹകരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണം ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ദോഹയില്‍ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി, ഉറച്ച അറബ്-ഇസ്ലാമിക് സന്ദേശത്തിന്റെയും ഖത്തറുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെയും വ്യക്തമായ സൂചനയാണെന്നും അല്‍ അന്‍സാരി പറഞ്ഞു.
അതേസമയം ഖത്തര്‍-യുഎസ് പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞത്, ഇരു രാജ്യങ്ങളും തമ്മില്‍ ഈ വിഷയം വളരെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ‘ഖത്തറും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം എല്ലായ്‌പ്പോഴും ശക്തമാണ്, പ്രത്യേകിച്ച് സമീപ വര്‍ഷങ്ങളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു, നിലവിലെ കരാര്‍ ഉഭയകക്ഷി സഹകരണത്തിന്റെ മറ്റൊരു അധ്യായത്തെ പ്രതിനിധീകരിക്കുന്നതാണ്. പ്രതിരോധ കരാറിനെക്കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങള്‍ എനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
