ദോഹ: ഖത്തറില്‍ ഇന്നലെ, സെപ്തംബര്‍ 15ന് നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ പങ്കെടുത്ത അറബ്, ഇസ്ലാമിക നേതാക്കള്‍ ഖത്തറിനെതിരായ സമീപകാല ഇസ്രായേല്‍ ആക്രമണത്തെ ഏകീകൃതമായി അപലപിച്ചു. ഐക്യദാര്‍ഢ്യവും ഫലസ്തീനോടുള്ള പുതുക്കിയ പ്രതിബദ്ധതയും നേതാക്കള്‍ വ്യക്തമാക്കി. ഗള്‍ഫ്, പ്രാദേശിക സുരക്ഷ അവിഭാജ്യമാണെന്ന് പറഞ്ഞ യോഗം മേഖലകളിലെ പ്രതിരോധ സാഹചര്യം വിലയിരുത്തുന്നതിനും അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സംയുക്ത പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കുന്നതിനും അടിയന്തരമായി യോഗം ചേരാന്‍ ജിസിസി സുപ്രീം കൗണ്‍സില്‍ സംയുക്ത പ്രതിരോധ കൗണ്‍സിലിനോടും ഉന്നത സൈനിക സമിതിയോടും നിര്‍ദ്ദേശിച്ചു.
ഖത്തറിനെതിരായി ഇസ്രായേല്‍ നടത്തിയ ആക്രമണവും ജിസിസി രാജ്യങ്ങളുടെ അസാധാരണമായ യോഗവും അറബ്-ഇസ്ലാമിക് ഉച്ചകോടി ചര്‍ച്ച ചെയ്തു. ഉച്ചകോടിയും ജിസിസി നേതാക്കളുടെ യോഗവും ഗള്‍ഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യം പ്രതിഫലിപ്പിക്കുന്ന ചരിത്ര സംഭവമാണെന്ന് ഉച്ചകോടിക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിച്ച പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍-അന്‍സാരി പറഞ്ഞു.
ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഖത്തറിന് അറബ് രാജ്യങ്ങള്‍ നല്‍കിയ പിന്തുണയേയും രാജ്യം അഭിനന്ദിച്ചു. അടിയന്തര ഉച്ചകോടി വെറുമൊരു അസാധാരണ കൂടിക്കാഴ്ച മാത്രമല്ലെന്നും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആക്രമണത്തെ നിരസിക്കുകയും അന്താരാഷ്ട്ര നിയമസാധുത പാലിക്കുകയും ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ എല്ലാ ന്യായമായ അവകാശങ്ങളും നേടുന്നതുവരെ പിന്തുണ തുടരുമെന്നും ഉച്ചകോടിക്ക് ശേഷം നേതാക്കള്‍ വ്യക്തമാക്കി.
‘ജിസിസി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ഒരു അംഗരാജ്യത്തിനു നേരെയുള്ള ഏതൊരു ആക്രമണവും എല്ലാവര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും നേതാക്കള്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
