തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച 2026-27 വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഏറെയാണ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നിരവധി ക്ഷേമപദ്ധതികളും വികസന പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. ബജറ്റില്‍ വിവിധ ജില്ലകള്‍ക്കായി പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍ താഴെ പറയുന്നവയാണ്.
- തിരുവനന്തപുരം – തലസ്ഥാന നഗരിയെ കേരളത്തിന്റെ നോളജ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജി ഹബ്ബായി വികസിപ്പിക്കും. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ ആദ്യ ഗ്രീന്‍ ബങ്കറിംഗ് കേന്ദ്രമായി ഉയര്‍ത്തും. ബാലരാമപുരം-വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍, വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് എന്നിവയുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ 100 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്നും ഗവ. എഞ്ചിനീയറിംഗ് കോളേജിന് സര്‍വ്വകലാശാലയുടെ ‘കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജ്’ പദവി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.
- കൊല്ലം – കൊല്ലത്തെ ധാതു സംസ്‌കരണത്തിന്റെയും അപൂര്‍വ്വ ധാതുക്കളുടെയും കേന്ദ്രമായി മാറ്റും. കൊല്ലം തുറമുഖ വികസനത്തോടൊപ്പം ചിന്നക്കടയില്‍ സ്‌കൈ വാക്ക്, അര്‍ബന്‍ പാര്‍ക്ക് എന്നിവ നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ നീക്കിവെച്ചു. കോട്ടങ്കരയില്‍ ആധുനിക കോഴിമാംസ പ്രോസസിംഗ് പ്ലാന്റും പെറ്റ് ഫുഡ് ഫാക്ടറിയും സ്ഥാപിക്കും.
- ആലപ്പുഴ – ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കണോമി തലസ്ഥാനമായി വികസിപ്പിക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തി. അര്‍ത്തുങ്കല്‍ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് നടപ്പിലാക്കും. പാതിരാമണല്‍ ദ്വീപ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
- എറണാകുളം – കൊച്ചിയില്‍ ജെ.സി. ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി (ചിത്രനഗരം) സ്ഥാപിക്കുന്നതിന് 100 കോടി രൂപ അനുവദിച്ചു. കൊച്ചി-ആലുവ-പെരുമ്പാവൂര്‍ ബെല്‍റ്റിനെ ഒരു ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്ബായി വികസിപ്പിക്കും. കൊച്ചിയില്‍ ആര്‍ബിട്രേഷന്‍ കോടതിയും ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്ററും സ്ഥാപിക്കും. എറണാകുളം മെഡിക്കല്‍ കോളേജ് നവീകരണത്തിനായി 10 കോടി രൂപയും ഗോശ്രീ-ബോള്‍ഗാട്ടി സമാന്തര പാലത്തിനായി 1 കോടി രൂപയും വകയിരുത്തി.
- തൃശ്ശൂര്‍ – കൊച്ചി-തൃശ്ശൂര്‍ ബെല്‍റ്റിനെ പ്രധാന ആഭരണ നിര്‍മ്മാണ ഇടനാഴിയായി മാറ്റും. തൃശ്ശൂരില്‍ ജോണ്‍സണ്‍ മ്യൂസിക് അക്കാദമി ആരംഭിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു. ചരിത്രപ്രസിദ്ധമായ തേക്കിന്‍കാട് മൈതാനം 10 കോടി രൂപ ചെലവില്‍ നവീകരിക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് സര്‍വ്വകലാശാലയുടെ ‘കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജ്’ പദവി നല്‍കും.
- കോഴിക്കോട് – കോഴിക്കോട് നഗരത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 50 കോടി രൂപ വകയിരുത്തി. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. ജില്ലയിലെ സൈബര്‍ പാര്‍ക്കിനെ ഇന്‍ഫോപാര്‍ക്കിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തും. ഉരുള്‍പൊട്ടല്‍ ബാധിച്ച വിളങ്ങാടിനായി ‘വിളങ്ങാട് പാക്കേജ്’ (5 കോടി രൂപ) പ്രഖ്യാപിച്ചു
- മലപ്പുറം – മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തും (5 കോടി രൂപ). ജില്ലയില്‍ ആധുനിക രീതിയിലുള്ള കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ വകയിരുത്തി. പൊന്നാനിയില്‍ മലബാര്‍ തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെ സംഘടിപ്പിക്കും; തീരസംരക്ഷണത്തിനായി 3 കോടി രൂപ അനുവദിച്ചു.
- വയനാട് – വയനാട്ടില്‍ ട്രൈബല്‍ സര്‍വ്വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കുന്നതിന് 50 കോടി രൂപ നീക്കിവെച്ചു. ടൂറിസം മേഖലയില്‍ ‘ബ്രാന്‍ഡ് വയനാട്’ എന്ന ആശയം നടപ്പിലാക്കും. സുല്‍ത്താന്‍ ബത്തേരിയില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജ് ആരംഭിക്കും.
- കാസര്‍ഗോഡ്- മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷനും ജില്ലയിലെ മെഡിക്കല്‍ കോളേജ് വികസനവും
- ഇടുക്കി – മെഡിക്കല്‍ കോളേജിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും; മൂന്നാറില്‍ ‘ഗ്രീന്‍ മാര്‍ഷല്‍സ്’ പദ്ധതി
- പാലക്കാട് – ഒറ്റപ്പാലത്ത് കോടതി സമുച്ചയം; തൃത്താലയില്‍ കെ.ആര്‍. നാരായണന്‍ സിവില്‍ സര്‍വീസ് അക്കാദമി
- പത്തനംതിട്ട- പുതിയ ജയില്‍ നിര്‍മ്മാണവും പത്തനംതിട്ട ടൗണ്‍ റിംഗ് റോഡും.
- കോട്ടയം – സ്‌കൈ വാക്ക് പ്രവൃത്തികള്‍ പുനരാരംഭിക്കും.
- കണ്ണൂര്‍ – അഴീക്കല്‍ തുറമുഖ വികസനം; തളിപ്പറമ്പില്‍ ജയില്‍ നിര്‍മ്മാണം.
ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കില്‍ വരുമാനപരിധി അടിസ്ഥാനമാക്കി വ്യത്യാസങ്ങള്‍ കൊണ്ടുവന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവിലെ അഞ്ച് ശതമാനം റോഡ് നികുതി മൂന്ന് ശതമാനമായി കുറച്ചു. ഇതിലൂടെ സാധാരണ കുടുംബങ്ങള്‍ക്കും മധ്യവര്‍ഗ്ഗ ഉപഭോക്താക്കള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ സുലഭമാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തി.
അതേസമയം, 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി എട്ട് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം നികുതി തുടരും. 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിച്ചു. ഉയര്‍ന്ന വിലയുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി വരുമാനം വര്‍ധിപ്പിക്കാനും, താഴ്ന്ന വിലയുള്ള വാഹനങ്ങള്‍ക്ക് ഇളവ് നല്‍കി ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം.
ഭിന്നശേഷിക്കാര്‍ക്ക് മോട്ടര്‍ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യപരിധി നിലവിലുള്ള ഏഴ് ലക്ഷത്തില്‍ നിന്നും 15 ലക്ഷം രൂപയായി ഉയര്‍ത്തി. പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും വരുമാന സമതുലിതാവസ്ഥ ഉറപ്പാക്കാനുമുള്ള നീക്കമായാണ് കേരള സര്‍ക്കാരിന്റെ ഈ ബജറ്റ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.
ജെന്‍ സികള്‍ക്കുള്ള സ്റ്റാര്‍ട്ട് അപ്പിനായി 50 കോടി വകയിരുത്തി. ഡിജിറ്റല്‍ ധാര്‍മ്മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബര്‍ സുരക്ഷ, മാനുഷിക മൂല്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍, ഇന്നോവേഷന്‍ ഹബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ യുവ തലമുറയുടെ സാങ്കേതിക മികവുകള്‍ ഇതിലൂടെ ഉറപ്പിക്കാന്‍ സാധിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
പൂക്കോട് വെറ്റിനറി കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ഥിന്റെ പേരില്‍ റാഗിങ് തടയാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരിച്ച നടന്‍ സലിം കുമാറിന് സ്മാരകം. വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. എറണാകുളം ജില്ലയിലായിരിക്കും സ്മാരകം നിര്‍മിക്കുക. ഇതിനായി ബജറ്റില്‍ 1 കോടി വകയിരുത്തി.
കൊച്ചിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി സ്ഥാപിക്കാന്‍ ബജറ്റില്‍ 100 കോടി രൂപ വകയിരുത്തി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. ഇവിടെ ജെന്‍സി കുട്ടികള്‍ക്ക് അടക്കം തങ്ങളുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രത്യേക അവസരവും വേദിയും ഒരുക്കും. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാര്‍ത്ഥം ‘ചിത്രനഗരം’ പദ്ധതി നടപ്പിലാക്കും. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി തൃശൂരില്‍ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്കായി 600 കോടി വകയിരുത്തി. കര്‍ഷകര്‍ ഏറെ നാളായി കാത്തിരുന്ന റബര്‍ താങ്ങുവിലയും വര്‍ദ്ധിപ്പിച്ചു. റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയില്‍ നിന്നും 250 രൂപയായി ഉയര്‍ത്തി. കര്‍ഷകരെ സഹായിക്കുന്ന ഈ പ്രഖ്യാപനത്തിനൊപ്പം കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന നിരവധി പദ്ധതികളും ബജറ്റില്‍ അവതരിപ്പിച്ചു. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
kerala budget 2026
