കുവൈത്ത് സിറ്റി: കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്തു. മരിച്ച 23 പ്രവാസികളില്‍ പത്ത് പേരുടെയും കുടുംബങ്ങള്‍ അവയവ ദാനത്തിന് സമ്മതം നല്‍കിയതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്തത്. കുവൈത്തിലും അബുദാബിയിലും ചികിത്സയില്‍ കഴിയുന്നവരാണ് അവയവങ്ങള്‍ സ്വീകരിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 12 പേര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി കുവൈത്ത് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ ചെയര്‍മാന്‍ ഡോ.മുസ്തഫ അല്‍ മൗസവി വ്യക്തമാക്കി. ഇവരില്‍ 10 പേരുടെ കുടുംബങ്ങളാണ് മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അനുമതി നല്‍കിയത്. മരിച്ച ദാതാക്കളില്‍ നിന്ന് 20 വൃക്ക, 3 ഹൃദയം, 4 കരള്‍, 2 ശ്വാസകോശങ്ങള്‍ എന്നിവയാണ് സ്വീകരിച്ചത്. ഓരോ അവയവങ്ങളും വിജയകരമായി രോഗികളിലേക്ക് മാറ്റിവയ്ക്കാന്‍ കഴിഞ്ഞതായി ഡോ.അല്‍ മൗസവി വ്യക്തമാക്കി. ശ്വാസകോശം പരിശോധനയില്‍ ആരോഗ്യകരമല്ലെന്ന് വ്യക്തമായതിനാല്‍ അവ മാറ്റിവയ്ക്കാന്‍ കഴിഞ്ഞില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് കുവൈത്തില്‍ പ്രാദേശികമായി നിര്‍മിച്ച വ്യാജമദ്യം കഴിച്ച് മലയാളികള്‍ ഉള്‍പ്പെടെ 23 പേരാണ് മരിച്ചത്. 40 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 160 പേര്‍ ചികിത്സ തേടിയത്. ഇവരില്‍ 51 പേര്‍ക്ക് അടിയന്തരമായി ഡയാലിസിസ് വേണ്ടി വന്നു. 31 പേര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായതായും ഇരുപതോളം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
