ദോഹ: ഖത്തറില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലുമായി എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവിധ സര്‍വകലാശാലകളുടെ വ്യാജ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് 8 കേസുകളും. 2025ന്റെ ആദ്യ പകുതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും മന്ത്രാലയത്തിലെ യൂണിവേഴ്‌സിറ്റി ഡിഗ്രി ഇക്വലന്റ് വകുപ്പ് ഡയറക്ടര്‍ ജാബര്‍ അഹമ്മദ് അല്‍ ജാബര്‍ വ്യക്തമാക്കി. ഇതില്‍ വ്യാജ ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ ബിരുദങ്ങളും ഉള്‍പ്പെടുന്നു. അറബ് രാജ്യങ്ങളില്‍ നിന്ന് സംഘടിപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് കൂടുതലും.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യു ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തി. വിദേശകാര്യ മന്ത്രാലയം, സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്ന രാജ്യത്തെ കള്‍ചറല്‍ അറ്റാഷെ ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് തിരിച്ചറിഞ്ഞാല്‍ കേസ് കൂടുതല്‍ നിയമനടപടികള്‍ക്കായി നിയമകാര്യ മന്ത്രാലയത്തിന് കൈമാറുകയാണ് സ്വാഭാവിക നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
