അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പുതുക്കിയില്ലെങ്കില്‍ ഏഴിരട്ടി തുക പിഴ ചുമത്തും. യഥാസമയം ഇന്‍ഷുറന്‍സ് പുതുക്കാത്തവര്‍ക്ക് പിഴ കൂടാതെ 2 വര്‍ഷത്തെ പ്രീമിയം ഒന്നിച്ച് അടയ്‌ക്കേണ്ടിവരും. പിഴ അടച്ചാല്‍ മാത്രമേ വീസയും ലേബര്‍ കാര്‍ഡും പുതുക്കാനാകൂ.
2023ല്‍ നിര്‍ബന്ധമാക്കിയ തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് യഥാസമയം പുതുക്കാന്‍ മറന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കഴിഞ്ഞ വര്‍ഷം 400 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. ഗ്രേസ് പിരീഡ് കഴിഞ്ഞിട്ടും പുതുക്കാത്തവര്‍ക്കാണ് പിഴ ചുമത്തിയത്. ഇന്‍ഷൂറന്‍സില്‍ ചേന്ന് 12 മാസം പൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാന്‍ അപേക്ഷ നല്‍കണമെന്നും മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഇതിനു സാധിക്കാത്തവര്‍ക്ക് ഒരു മാസത്തെ സാവകാശം ലഭിക്കും. ഈ കാലയളവില്‍ പുതുക്കിയില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടിവരും.
പിഴ അടയ്ക്കുകയോ അല്ലെങ്കില്‍ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താല്‍ മാത്രമേ ഇന്‍ഷൂറന്‍സ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കൂ. വ്യക്തിഗത ഇന്‍ഷൂറന്‍സ് ആയതിനാല്‍ പിഴയും വ്യക്തി തന്നെ അടയ്ക്കണം. വര്‍ഷത്തില്‍ 60 ദിര്‍ഹം ലാഭിക്കാന്‍ ഇന്‍ഷൂറന്‍സ് എടുക്കാതിരുന്നവര്‍ക്കും പുതുക്കാന്‍ മറന്നവര്‍ക്കും 7 ഇരട്ടി തുകയാണ് പിഴയൊടുക്കേണ്ടിവരിക. 7 വര്‍ഷത്തെ പ്രീമിയം തുകയ്ക്ക് തുല്യമായ സംഖ്യയാണിത്.
ഇന്‍ഷുറന്‍സ് കമ്പനി വെബ്‌സൈറ്റില്‍ (https://www.iloe.ae/) പ്രവേശിച്ച് സബ്‌സ്‌ക്രൈബ്/റിന്യു എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്ത് പുതുക്കണം. ഏതു മേഖലയിലാണോ ജോലി (സര്‍ക്കാര്‍, സ്വകാര്യ മേഖല, ഫ്രീസോണ്‍) എന്നു സെലക്ട് ചെയ്ത് കണ്‍ഫേം ചെയ്യണം. തുടര്‍ന്നു ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് എമിറേറ്റ്‌സ് ഐഡിയും മൊബൈല്‍ നമ്പറും ജനന തീയതിയും നല്‍കി പോളിസി പുതുക്കാം പ്രീമിയം തുകയും ഓണ്‍ലൈന്‍ വഴി അടയ്ക്കാം.
ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ 3 മാസം പരിരക്ഷ ലഭിക്കും. തുടര്‍ച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത ശേഷം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം 3 മാസത്തേക്കു നല്‍കുന്നതാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഈ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. സ്വന്തം കാരണത്താലല്ലാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടവര്‍ക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയവര്‍ക്കും സ്വയം രാജിവച്ചവര്‍ക്കും ആനുകൂല്യം കിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
