റിയാദ്: നാട്ടില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിയിട്ടും അബ്ദുല്‍ റഹീമിന്റെ ഉമ്മ ഫാത്തിമയ്ക്ക് മകനെ കാണാനായില്ല. 19 വര്‍ഷത്തിന് ശേഷം മകനെ ഒരു നോക്കു കാണാമെന്ന ആഗ്രഹത്തിലാണ് ഉമ്മ വിമാനം കയറിയത്. എന്നാല്‍ തൊട്ടടുത്തെത്തിയിട്ടും മകനെ ഉമ്മയ്ക്ക് നേരിട്ട് കാണാന്‍ സാധിച്ചില്ല. തൊട്ടടുത്തിരുന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി റഹീം സംസാരിച്ചു.
സൗദിയിലെ ജയിലിനകത്തേക്ക് കടക്കുമ്പോള്‍ മനസില്‍ നല്ല സന്തോഷമുണ്ടായിരുന്നു. പത്തൊന്‍പത് വര്‍ഷമായി മോനെ കണ്ടിട്ട്. ഇന്നെങ്കിലും അവനെ കാണാമല്ലോ എന്നായിരുന്നു സന്തോഷം. എന്നാല്‍ എന്നെ കാണാന്‍ അവന്‍ തയ്യാറായില്ല. തൊട്ടടുത്തെത്തിയിട്ടും അവന്‍ എന്നെ കാണാന്‍ വന്നില്ല. നാട്ടില്‍ വരുമല്ലോ. അപ്പോ കാണാം, ആയുസുണ്ടെങ്കില്‍. – കണ്ണീര്‍ പൊഴിച്ച് ഫാത്തിമ പറയുന്നു.
കുറെ ബുദ്ധിമുട്ട് സഹിച്ചാണ് ഇവിടെ എത്തിയത്. ശരീരമാകെ വേദനയുണ്ട്. ജയില്‍ മേധാവിയുടെ ഓഫിസിലെത്തിയ എന്നെ കാണാന്‍ വരാന്‍ റഹീമിനോട് ആവശ്യപ്പെട്ടെങ്കിലും വന്നില്ല. ഉദ്യോഗസ്ഥര്‍ കുറെ നേരം പറഞ്ഞെങ്കിലും കാണാന്‍ തയ്യാറായില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പിന്നീട് അവനോട് സംസാരിച്ചത്. സെല്ലിന് സമീപത്തേക്ക് പോയെങ്കിലും റഹീം കാണാന്‍ കൂട്ടാക്കിയില്ല. ഉമ്മാന്റെ കൂടെ വന്നവരെ വിശ്വാസമില്ലെന്നാണ് റഹീം പറയുന്നത്. മോനേ, നിന്നെ കാണാതെ ഞാന്‍ ഇവിടെ നിന്ന് പോകില്ലെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും റഹീം കാണാന്‍ തയ്യാറായില്ല.
ഒന്നര മണിക്കൂര്‍ അവനെ കാത്തുനിന്നെങ്കിലും വന്നില്ല. അബഹയില്‍നിന്ന് റിയാദില്‍ എത്തിയ ഫാത്തിമ അടുത്ത ദിവസം ഉംറക്കായി മക്കയിലേക്ക് പോകും. അവിടെ നിന്ന് നാട്ടിലേക്ക് തിരിക്കും. ഒക്ടോബര്‍ മുപ്പതിന് സൗദിയില്‍ എത്തിയ ഫാത്തിമയും റഹീമിന്റെ സഹോദരന്‍ നസീറും അബഹയിലായിരുന്നു താമസിച്ചിരുന്നു. അവിടെനിന്ന് ഇന്നലെ രാവിലെയാണ് റിയാദില്‍ എത്തിയത്. ഒന്നേകാല്‍ മുതല്‍ മൂന്നേ മുക്കാല്‍ വരെ ജയിലില്‍ കഴിഞ്ഞെങ്കിലും റഹീം കാണാന്‍ കൂട്ടാക്കിയതേയില്ല. റഹീമിന്റെ മോചനത്തിന് ആവശ്യമായ തുക സ്വരൂപിക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച റഹീം നിയമസഹായ സമിതിയുടെ പിന്തുണയില്ലാതെ സന്ദര്‍ശനം നടത്തരുതെന്ന് നേരത്തെ തന്നെ റഹീം ഉമ്മയോടും കുടുംബത്തോടും ആവശ്യപ്പെട്ടിരുന്നു. റഹീം നിയമസഹായ സമിതിയുമായി നേരത്തെ തന്നെ സഹകരിക്കാത്ത ചില സാമൂഹ്യ പ്രവര്‍ത്തകരാണ് റഹീമിന്റെ ഉമ്മയെയും സഹോദരനെയും സൗദിയില്‍ എത്തിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചന ഹര്‍ജി നവംബര്‍ 17ന് കോടതി പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്. നവംബര്‍ 21ന് കേസ് പരിഗണിക്കുമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും റഹീമിന്റെ അഭിഭാഷകരുടെ അപേക്ഷപ്രകാരം 17 ലേക്ക് മാറ്റുകയായിരുന്നു. റഹീം കേസില്‍ നിര്‍ണ്ണായക വിധി ഈ മാസം 17ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റഹീം നിയമസഹായ സമിതി പ്രവര്‍ത്തകരും അഭിഭാഷകരും. ഇതിനിടയിലാണ് റഹീമിന്റെ ഉമ്മയും സഹോദരനും സൗദിയിലേക്ക് തിരിച്ചത്. തന്നെ ഇപ്പോള്‍ കാണാന്‍ വരേണ്ടതില്ലെന്നും കേസിന്റെ നടത്തിപ്പിന് ഇത് പ്രയാസമുണ്ടാക്കുമെന്നും റഹീം കുടുംബത്തെ അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
