കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും നിര്‍ബന്ധമാക്കിയ ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി നീട്ടി. ബയോമെട്രിക് രജിസ്‌ട്രേഷനായി പ്രവാസികള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 30 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
പൗരന്മാര്‍ക്ക് ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി 2024 സെപ്റ്റംബര്‍ 30 വരെയും നീട്ടി. ബയോമെട്രിക് വിരലടയാളത്തിനുള്ള ഔദ്യോഗിക സ്ഥലങ്ങളും പ്രവര്‍ത്തന സമയവും മന്ത്രാലയം വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ മന്ത്രാലയത്തിന് കീഴിലെ വ്യക്തിഗത അന്വേഷണ വകുപ്പുകളിലെ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രജിസ്‌ട്രേഷനായി നിയുക്ത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് ‘സഹേല്‍’ ആപ്ലിക്കേഷനിലൂടെ ‘മെറ്റാ’ പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി അപ്പോയിന്‍മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യണമെന്നും വാക്ക്-ഇന്‍ അപ്പോയിന്റ്‌മെന്റുകള്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
