ദോഹ: നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഖത്തറില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി. ഖത്തര്‍ ട്രാന്‍സിറ്റ് വിസയുള്ളവര്‍ക്ക് സൗദി അറേബ്യ വഴി നാട്ടിലേക്ക് മടങ്ങാനാണ് ഇന്ത്യന്‍ എംബസി സൗകര്യമൊരുക്കുന്നത്.
അടിയന്തര സാഹചര്യങ്ങളില്‍, ഖത്തറില്‍ നിന്ന് സാല്‍വ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗ് വഴി സൗദി അറേബ്യയിലേക്ക് പോകാന്‍ നിലവില്‍ സാധിക്കും. യുഎസ്, യുകെ അല്ലെങ്കില്‍ ഷെന്‍ഗെന്‍ വിസകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കുറഞ്ഞത് ഒരു തവണയെങ്കിലും ഉപയോഗിച്ചിട്ടുള്ളവയാണെങ്കില്‍, സൗദി അറേബ്യയില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കും. സൗദി അറേബ്യ വഴി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശരിയായ നടപടിക്രമങ്ങള്‍ അനുസരിച്ച് സൗദി വിസയ്ക്ക് അപേക്ഷിക്കാം – ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.
സൗദി അറേബ്യയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള സ്ഥിരീകരിച്ച ടിക്കറ്റുകള്‍ ഉണ്ടെങ്കില്‍, നിലവില്‍ ട്രാന്‍സിറ്റില്‍ ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രം സൗദി അറേബ്യയിലേക്കുള്ള താല്‍ക്കാലിക ട്രാന്‍സിറ്റ് വിസ ലഭിക്കുന്നതിന് സൗകര്യമൊരുക്കുമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. താല്‍പര്യമുള്ളവര്‍ https://forms.gle/oTwqEQYa4z22oX4W7 എന്ന രജിസ്‌ട്രേഷന്‍ ലിങ്കിലൂടെ അപേക്ഷിക്കണം. രജിസ്‌ട്രേഷന്‍ സമയത്ത് ഖത്തറിലേക്കുള്ള ഇന്‍വേഡ് ഫ്‌ലൈറ്റ് ടിക്കറ്റുകളുടെയും സൗദി അറേബ്യയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള സ്ഥിരീകരിച്ച ടിക്കറ്റിന്റെയും പകര്‍പ്പുകള്‍ നല്‍കണം. അതേസമയം സാല്‍വ അതിര്‍ത്തി ക്രോസിംഗിലേക്കും അതിന് ശേഷം പുറപ്പെടുന്ന വിമാനത്താവളത്തിലേക്കും യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ലോജിസ്റ്റിക്കല്‍ ക്രമീകരണങ്ങളും ഓരോ വ്യക്തിയും സ്വയം ചെയ്യേണ്ടതുണ്ട്. അത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എംബസിക്ക് മതിയായ സമയം (കുറഞ്ഞത് 48 മണിക്കൂര്‍) ആവശ്യമായി വരുമെന്നത് ശ്രദ്ധിക്കണമെന്നും എംബസി അറിയിച്ചു.
ഇത്തരത്തിലുള്ള എല്ലാ അടിയന്തര സേവനങ്ങള്‍ക്കുമായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ സേവനങ്ങള്‍ ലഭ്യമാണ്. എംബസിയുടെ 24×7 ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ +974 55647502 അല്ലെങ്കില്‍ +97455362508 ലഭ്യമാണ്. cons.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലും എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.
അതേസമയം ഫെബ്രുവരി 28 മുതല്‍ പ്രാബല്യത്തില്‍ വരുന്നതരത്തില്‍ കാലവധി കഴിഞ്ഞതും കാലഹരണപ്പെടാന്‍ പോകുന്നതോ ആയ എല്ലാ വിഭാഗത്തിലുള്ള എന്‍ട്രി വിസകളുടെയും ഒരു മാസത്തേക്ക് നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ഖത്തര്‍ അധികൃതര്‍, പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
