തിരുവനന്തപുരം: കോള്‍ഡ്രിഫ് ബ്രാന്‍ഡ് കഫ്‌സിറപ്പ് കേരളത്തില്‍ നിരോധിച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ പരിശോധയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മധ്യപ്രദേശില്‍ കഫ്‌സിറപ്പ് കുടിച്ച് കുട്ടികള്‍ മരണപ്പെട്ടതായി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
എന്നാല്‍ മരണത്തിന് ഇടയാക്കിയതായി കരുതുന്ന എസ്ആര്‍ 13 എന്ന ബാച്ച് കേരളത്തില്‍ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം. എങ്കിലും ഈ ബ്രാന്‍ഡിന്റെ വില്‍പ്പന നിരോധിച്ചതായി ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ ഈ കഫ്‌സിറപ്പിന്റെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്‍പന തടയാനായി ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപക പരിശോധന നടത്തും. കഫ്‌സിറപ്പിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തുമെന്നും ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു. മറ്റ് ബ്രാന്‍ഡുകളുടെ സാമ്പിളുകളും ശേഖരിക്കും. കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡുകളുടെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.
സെന്‍ട്രല്‍ ഡി.ജി.എച്ച്.സിന്റെ നിര്‍ദ്ദേശപ്രകാരം 2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 5 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നെങ്കില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
