യെമന്‍: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. സാമുവല്‍ ജെറോം മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നെന്നും നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ സാമുവല്‍ ജെറോം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്തും തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
സാമുവല്‍ ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷക്ക് പ്രസിഡന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ താന്‍ അദ്ദേഹത്തെ സനായില്‍ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ സാമുവല്‍ ജെറോം ഒരായിരം അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം കേരള മാധ്യമങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമല്‍ ജെറോം 20,000 ഡോളര്‍ ശേഖരിക്കാന്‍ അഭ്യര്‍ത്ഥിച്ച വിവരം അറിഞ്ഞതെന്നും വര്‍ഷങ്ങളായി ഇയാള്‍ തങ്ങളുടെ ചിന്തിയ രക്തം മധ്യസ്ഥത എന്ന പേരില്‍ വ്യാപാരം നടത്തുകയാണെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങള്‍ക്ക് സത്യം അറിയാമെന്നും അദ്ദേഹം നുണ പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്:
അത് അഭിഭാഷകന്‍ അല്ല, അവകാശപ്പെടുന്നത് പോലെ.
സാമുവേല്‍ ജെറോം, Samuel Jerome
ഒരു മാധ്യമ പ്രവര്‍ത്തകനും കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്, ബിബിസി ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകന്‍ അല്ല.
വേദികളില്‍ നടന്ന്, ദാനം ശേഖരിക്കുന്നു
‘മധ്യസ്ഥത’ എന്ന പേരില്‍ അനവധി പണം കവര്‍ന്നു, ഏറ്റവും പുതിയത് നാല്‍പത് ആയിരം ഡോളര്‍.
അവനെ കാണാനായില്ല,കാണാനായില്ല, വിളിക്കാനായില്ല, സന്ദേശവും ഇല്ല ഈ വിഷയത്തില്‍; മറിച്ചു തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു
പ്രസിഡന്റിന്റെ ശിക്ഷ നടപ്പിലാക്കലിന് അംഗീകാരം നല്‍കിയതിന് ശേഷം സനായില്‍ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചു; അവന്‍ സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ ‘ഒരായിരം അഭിനന്ദനങ്ങള്‍’! എന്നു പറഞ്ഞു.
അതേസമയം തലാലിന്റെ സഹോദരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാമുവല്‍ ജെറോം തള്ളി. സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ലെന്നും സാമുവല്‍ ജെറോം പറഞ്ഞു. മീറ്റിംഗുകള്‍ക്ക് തെളിവുകള്‍ ഉണ്ടെന്നും ഇപ്പോള്‍ പ്രതികരിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നില്ലെന്നും സാമുവല്‍ ജെറോം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ നടക്കുകയാണെന്നും അഭിഭാഷകനെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ലെന്നും സാമുവല്‍ ജെറോം പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
