ദോഹ: ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് മുന്നോടിയായി ഖത്തറിനും യുഎസിനും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്രത വര്‍ധിപ്പിക്കാതെ തിരിച്ചടിക്കുന്നതിനും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുമായാണ് ആക്രമണമെന്നായിരുന്നു ഇറാന്‍ നല്‍കിയ മുന്നറിയിപ്പ്.
ആഗോളതലത്തില്‍ തന്നെ വിമര്‍ശനത്തിനും പ്രാദേശിക ഊഹാപോഹങ്ങള്‍ക്കും വഴിവെച്ച അപൂര്‍വ നീക്കത്തില്‍, ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇറാന്‍ മുന്‍കൂറായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
അല്‍ ഉദൈദില്‍ മിസൈലുകള്‍ വിക്ഷേപിക്കാനുള്ള പദ്ധതികളെക്കുറിച്ച് ടെഹ്റാന്‍ ഖത്തറിനെയും അമേരിക്കയെയും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍, ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയിപ്പ് നല്‍കിയതിനും ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുയോ ചെയ്യാതെയുള്ള നീക്കത്തിന് ഇറാന് നന്ദിയും പറഞ്ഞിരുന്നു.
ഇസ്രായേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടയിലായിരുന്നു ഖത്തറില്‍ നടന്ന ഇറാന്‍ മിസൈലാക്രമണം. ഒരു പ്രാദേശിക യുദ്ധത്തിന് തിരികൊളുത്താതെ തങ്ങള്‍ക്ക് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണത്തിന് മറുപടി നല്‍കാന്‍ ശ്രമിക്കുന്ന ആക്രമണമായിരുന്നു അത്. ജൂണ്‍ 23 നാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇത് അപ്രതീക്ഷിത ആക്രമണമായിരുന്നില്ല. ഖത്തറിനും യുഎസിനും മുന്‍കൂട്ടി അറിയിപ്പ് നല്‍കി വളരെ ശ്രദ്ധാപൂര്‍വ്വം നടത്തിയ ആക്രമണമായിരുന്നു.
ഖത്തറുമായുള്ള അടുത്ത ബന്ധവും നയതന്ത്ര സഖ്യവുമാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാന്‍ ഇറാന്‍ തീരുമാനിക്കാന്‍ കാരണമെന്ന് ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസിലെ വിശകലന വിദഗ്ദ്ധനും മീഡിയ സ്റ്റഡീസ് പ്രോഗ്രാമിന്റെ പ്രൊഫസറുമായ ഡോ. മുഹമ്മദ് എല്‍-നവാവി ദോഹാ ന്യൂസിനോട് പറഞ്ഞു.
ഖത്തറുമായുള്ള സൗഹൃദ ബന്ധം ഇല്ലാതാക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആക്രമണം ആസൂത്രണം ചെയ്യുന്നതിലൂടെ, തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ യുഎസ് ആക്രമണത്തിന് ശേഷം മുഖം രക്ഷിക്കാന്‍ ഇറാന്‍ ശ്രമിക്കുകയായിരുന്നു, അതേസമയം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കാതിരിക്കാന്‍ പ്രതികാര നടപടി സ്വീകരിക്കുമെന്ന സന്ദേശം അയയ്ക്കാനുള്ള നടപടിയായിരുന്നു ഇറാന്റേതെന്നും ഡോ. എല്‍-നവാവി ദോഹ ന്യൂസിനോട് പറഞ്ഞു.
മിസൈല്‍ ആക്രമണത്തെക്കുറിച്ച് ഇരു രാജ്യങ്ങളെയും മുന്‍കൂട്ടി അറിയിക്കാനുള്ള ഇറാന്റെ തീരുമാനത്തെ യുദ്ധത്തിലേക്കുള്ള തുറന്ന ക്ഷണത്തിനുപകരം, ശക്തിപ്രകടനമായി മാത്രം വ്യാഖ്യാനിക്കപ്പെടുന്നു. ഓപ്പറേഷന്‍ അനൗണ്‍സിയേഷന്‍ ഓഫ് വിക്ടറിയുടെ ഭാഗമാണ് ആക്രമണമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഇറാന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്.
എന്നിരുന്നാലും ഇറാന്‍ തൊടുത്ത 14 മിസൈലുകളില്‍ ഏതാണ്ട് എല്ലാം ഖത്തര്‍ തടഞ്ഞു, ഒന്ന് വ്യോമതാവളത്തില്‍ പതിച്ചെന്നും മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഇറാന്റെ പ്രതികരണത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന വശങ്ങളിലൊന്ന് ഇറാഖിലേയോ സിറിയയിലെയോ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനുപകരം ഖത്തറിലെ അല്‍ ഉദൈദ് താവളത്തെ ലക്ഷ്യം വയ്ക്കാനുള്ള അവരുടെ തീരുമാനമായിരുന്നു. വാഷിംഗ്ടണിനും ടെല്‍ അവീവിനും വ്യക്തമായ ഒരു സന്ദേശം അയയ്ക്കുക എന്നതായിരുന്നു ഈ തീരുമാനമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
”ഇറാന്‍ ഖത്തറിലെ വ്യോമതാവളം തിരഞ്ഞെടുത്തത് അതിശയകരമായിരുന്നു, പ്രത്യേകിച്ച് ഇരു രാജ്യങ്ങളും താരതമ്യേന ഊഷ്മളമായ ബന്ധം നിലനില്‍ക്കുന്നതിനാല്‍, – ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസിലെ മീഡിയ സ്റ്റഡീസ് പ്രോഗ്രാമിലെ വിശകലന വിദഗ്ധനും പ്രൊഫസറുമായ ഡോ. മുഹമ്മദ് ഹമാസ് എല്‍മാസ്രി പറഞ്ഞു.
എന്നാല്‍ ആക്രമണം ഖത്തറിന്റെ പരമാധികാരത്തെയല്ല, യുഎസ് താല്‍പ്പര്യങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ ഖത്തറിനോട് ക്ഷമാപണം നടത്താനും ഇറാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടപ്പാട്: ദോഹ ന്യൂസ്
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
