മസ്ക്കത്ത്: ഒമാനിൽ ജൂലൈ ഒന്ന് മുതൽ കോൺസുലാർ സേവനങ്ങൾക്കായി പുതിയ ഏജൻസി പ്രവർത്തനമാരംഭിക്കുന്നു. രാജ്യത്തെ ഇന്ത്യക്കാർക്കുള്ള പാസ്പോർട്ട്, വീസ സേവനങ്ങൾ എന്നിവ ഇനി പുതിയ ഏജൻസി മുഖേനയായിരിക്കും ലഭ്യമാകുകയെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. എസ്ജിഐവിഎസ് ഗ്ലോബൽ സർവീസസ് എൽഎൽസി എന്ന ഏജൻസി മുഖേനയാണ് ജൂലൈ മുതൽ ഒമാനിലുള്ളവർക്ക് കോൺസുലാർ, പാസ്പോർട്ട്, വീസ സേവനങ്ങൾ ലഭിക്കുക.
ഒമാനിലെ ഇന്ത്യൻ പൗരന്മാർക്കുള്ള കോൺസുലാർ പാസ്പോർട്ട് സേവനങ്ങൾക്ക് പുറമെ മറ്റ് രാജ്യക്കാർക്ക് ഇന്ത്യയിലേക്കുള്ള വീസ നൽകുന്നതിനും കൂടുതൽ സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് 15നകം രാജ്യത്തുടനീളമായി 11 വീസ സെന്ററുകളും തുറക്കും.
ആദ്യഘട്ടത്തിൽ എല്ലാ സേവനങ്ങളും അൽ ഖുവെയ്റിലെ ഡിപ്ലോമാറ്റിക് ഏരിയയിലെ അൽ ദവൽ അൽ അറബിയ സ്ട്രീറ്റിലെ എംബസി ആസ്ഥാനത്തായിരിക്കും ലഭിക്കുക. മസ്ക്കത്ത്, സലാല, സോഹർ, ഇബ്രി, സുർ, നിസ്വ, ദുഖും, ഇബ്ര, ഖസാബ്, ബുറെയ്മി, ബർക എന്നിവിടങ്ങളിലായി എസ്ജിഐവിഎസ് ഗ്ലോബൽ സർവീസസിന്റെ 11 വീസ സെന്ററുകളാണ് തുറക്കുന്നത്. ഓഗസ്റ്റ് 15നകം 11 സെന്ററുകളും പൂർണതോതിൽ പ്രവർത്തിക്കും.
അതേസമയം സേവനങ്ങൾ പൂർണമായും ഏജൻസിയുടെ കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സേവനങ്ങളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ത്യക്കാർ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ എന്നീ ചാനലകളിലെ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
