ഡൽഹി: നെസ്‌ലെ ഇന്ത്യയുടെ കുഞ്ഞുങ്ങൾക്കായുള്ള പോഷകാഹാര ഉൽപ്പന്നങ്ങളിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തൽ. ഉൽപ്പന്നങ്ങൾ ഭക്ഷ്യസുരക്ഷാ നിയമങ്ങളിലെ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ നിയമനടപടിയുമായി എഫ്.എസ്.എസ്.എ.ഐ (FSSAI). തുടർന്ന് നെസ്‌ലെയുടെ മൂന്ന് വ്യത്യസ്ത ഉൽപ്പന്നങ്ങൾക്കെതിരെ മൂന്ന് കേസുകൾ ഫയൽ ചെയ്തതായി എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.
നെസ്‌ലെയുടെ പ്രമുഖ ബേബി ഫുഡ് ബ്രാൻഡുകളായ നാൻ എക്‌സെല്ല പ്രൊ സ്‌റ്റേജ് 1, ലാക്ടജൻ പ്രൊ 1, ഇൻഫന്റ് നൂട്രീഷൻ എന്നീ ഉൽപ്പന്നങ്ങൾക്കെതിരെയാണ് നടപടി. ഉൽപ്പന്നങ്ങളുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളും ഉൽപ്പന്ന അവകാശവാദങ്ങളും പരിശോധിച്ച ശേഷമാണ് നടപടി. നാൻ എക്‌സെല്ല പ്രൊയിലെ സൗജന്യ പ്രോട്ടീൻ അവകാശവാദങ്ങളും ലാക്ടജൻ പ്രൊയിലെ ‘എളുപ്പത്തിൽ ദഹിക്കും’ എന്ന പ്രചാരണവും 1992, 2020 വർഷങ്ങളിലെ ബേബി ഫുഡ് പരസ്യ നിയന്ത്രണ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. കൂടാതെ, ലാബ് പരിശോധനയിൽ ഒരു ഫോർമുല സാമ്പിളിൽ ബയോട്ടിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങളേക്കാൾ കുറവാണെന്നും സ്ഥിരീകരിച്ചു.
അതേസമയം, തങ്ങളുടെ ഉൽപ്പന്നങ്ങൾ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും നെസ്‌ലെ ഇന്ത്യ പ്രതികരിച്ചു. എഫ്.എസ്.എസ്.എ.ഐ ചൂണ്ടിക്കാട്ടിയ രണ്ട് ഉൽപ്പന്നങ്ങളും അവയുടെ ലേബലുകളും റെഗുലേറ്ററുടെ വിദഗ്ധ സമിതി തന്നെ അംഗീകരിച്ചതാണ്. ലേബലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വസ്തുതാപരവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ് എന്ന് വിശദീകരിച്ച് ഞങ്ങൾ അധികൃതർക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് നെസ്‌ലെ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
