തിരുവനന്തപുരം: പ്രവാസി കേരളീയർക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിൽ അക്ഷയ സെന്ററുകൾ വഴിയും എൻറോൾ ചെയ്യാം. സംസ്ഥാനത്തെ 3000 ത്തോളം അക്ഷയ സെന്ററുകൾ വഴി എൻറോൾ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. പരമാവധി ആളുകൾക്ക് നോർക്ക കെയർ എൻറോൾമെൻറ് സേവനം ലഭിക്കുന്നതിനായാണ് അക്ഷയ കേന്ദ്രങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയത്.
ഒരു കോടി രൂപയുടെ വരെ ആരോഗ്യ ഇൻഷുറൻസും ഒരു കോടി രൂപ വരെ അപകട ഇൻഷുറൻസും ലഭിക്കുന്ന പദ്ധതിയാണ് നോർക്ക കെയർ പ്ലസ്. പങ്കാളി ,കുട്ടികൾ എന്നിവർക്കൊപ്പം 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേർക്കാം എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള രോഗങ്ങൾക്കും ക്ലയിം ലഭിക്കും. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്.
നോർക്ക കെയർ പ്ലസ് പദ്ധതി ആദ്യ എൻറോൾമെൻറ് സമയത്ത് അംഗങ്ങളാകാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകണമെന്ന് പ്രവാസികളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. സർക്കാർ ഇക്കാര്യം പരിഗണിച്ചതിന്റെ ഭാഗമായി ഇപ്പോൾ രണ്ടാം ഘട്ട എൻറോൾമെൻറ് നടക്കുകയാണ്. സെപ്റ്റംബർ 18 വരെ പദ്ധതിയിൽ ചേരാം. ഓഗസ്റ്റ് 18 നു ആരംഭിച്ച രണ്ടാം ഘട്ട എൻറോൾമെന്റിൽ ഇതുവരെ ഇരുപത്തി മൂവായിരത്തോളം കുടുംബങ്ങൾ നോർക്ക കെയർ പ്ലസിൽ എൻറോൾ ചെയ്തിട്ടുണ്ട്. മൊത്തം എൻറോൾ ചെയ്ത കുടുംബങ്ങൾ അൻപത്തി അയ്യായിരമായി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
