കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നിർദേശം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാനാണ് സംസ്ഥാന സർക്കാരിന് ശുപാർശ. പേര് മാറ്റാൻ സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റയാണ് ശുപാർശ സമർപ്പിച്ചത്.
കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് പേര് മാറ്റം. നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ കേരളം മെട്രോ റെയിൽ എന്ന പുതിയ പേര് നിർദ്ദേശിച്ചിരിക്കുന്നതെന്നും ലോക്നാഥ് ബഹ്റ പറഞ്ഞു.
നാഗ്പൂർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും, ലഖ്‌നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും, അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എൽ നീക്കം. പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിക്കണം. അനുമതി ലഭിച്ചാൽ മറ്റ് നടപടികളിലേക്ക് കടക്കും. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
