മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു, ഡല്‍ഹിയില്‍ കനത്ത സുരക്ഷ

1q 36

മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം.

അതേസമയം ഡല്‍ഹിയില്‍ എത്തിച്ചത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് എന്‍ഐഎ നല്‍കിയിട്ടില്ല. അല്‍പ്പസമയം മുമ്പാണ് പാലം വിമാനത്താവളത്തില്‍ നിന്ന് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. നടപടികള്‍ക്കുശേഷം എന്‍ഐഎ ആസ്ഥാനത്തേക്കായിരിക്കും റാണയെ എത്തിക്കുകയെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. ഡിജി ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുക.

അതേസമയം കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റാണയെ കൊണ്ടുവരുന്ന റൂട്ടുകളില്‍ അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, റാണയെ ഇന്ത്യയിലെത്തിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണത്തില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുമാറി. തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണെന്ന് പറഞ്ഞുകൊണ്ടാണ് പാക് വിദേശകാര്യ വക്താവ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.

ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണു നിയമതടസ്സങ്ങള്‍ പൂര്‍ണമായി നീങ്ങിയത്. എന്‍ഐഎയിലെയും സിബിഐയിലെയും ആറംഗസംഘം കഴിഞ്ഞ ഫെബ്രുവരി മുതല്‍ യുഎസിലുണ്ട്. ഭീകരബന്ധക്കേസില്‍ 2009 ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്.

ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദര്‍ശിക്കാന്‍ ഹെഡ്ലിക്ക് വീസ സംഘടിപ്പിച്ചു നല്‍കിയതു റാണയുടെ സ്ഥാപനമാണെന്നും കണ്ടെത്തിയിരുന്നു. കടല്‍ വഴി ബോട്ടിലെത്തിയ 10 ലഷ്‌കര്‍ ഭീകരര്‍ 2008 നവംബര്‍ 26ന് മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, താജ് ഒബ്‌റോയ് ഹോട്ടലുകള്‍, നരിമാന്‍ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading