ശ്രദ്ധിക്കൂ.. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ പ്രവാസിക്ക് നഷ്ടമായത് 1,20,000 ദിര്‍ഹം

credit card

അബുദാബി: യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് വന്‍ തുക നഷ്ടമായി. 60 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരിയായ ഒരു വനിതാ ഡോക്ടര്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 1,20,000 ദിര്‍ഹം നഷ്ടമായത്. ശസ്ത്രക്രിയ നടത്തുന്നതിനിടെയിലാണ് ക്രെഡിറ്റ് കാര്‍ഡിലൂടെ ഇടപാടുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. 14 അനധികൃത ഇടപാടുകളാണ് നടന്നത്.

ഒരു ഇന്റര്‍നാഷണല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. കാര്‍ഡ് എപ്പോഴും തന്റെ കൈവശമാണ് സൂക്ഷിച്ചിരിക്കുകയെന്നും ക്രെഡിറ്റ് കാര്‍ഡിന്റെ രേഖകള്‍ ഉപയോഗിച്ച് ഒരു സംവിധാനത്തിലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. എന്നിട്ടും ഏഴ് മണിക്കൂറിനുള്ളില്‍ വിവിധ ട്രാന്‍സാക്ഷനുകളാണ് നടന്നത്. ദുബായ് മാള്‍, ഷാര്‍ജയിലെ സ്റ്റോറുകള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ നിന്നുമായാണ് ഇടപാടുകള്‍ നടന്നത്. അതില്‍ മിക്കതും 10,000 ദിര്‍ഹത്തില്‍ കൂടുതലുള്ള തുകയുടേതുമായിരുന്നെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇടപാടുകളില്‍ രണ്ടെണ്ണം കുവൈത്തി ദിനാറിലായിരുന്നു. ഇതിന് ഒടിപി ആവശ്യമില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

അതേസമയം ബാങ്ക് ആദ്യം തന്നെ വ്യാജ ഇടപാടുകള്‍ കണ്ടെത്തിയിരുന്നെന്നും എന്നാല്‍, കാര്‍ഡ് ബ്ലോക്ക് ചെയ്യുകയോ തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്നും ഡോക്ടര്‍ പരാതിപ്പെട്ടു. ആദ്യ ഇടപാട് സംശയകരമായി തോന്നിയപ്പോള്‍ തന്നെ ബാങ്ക് കാര്‍ഡ് മരവിപ്പിക്കേണ്ടതായിരുന്നു. തട്ടിപ്പ് ബാങ്ക് അധികൃതരെ അറിയിച്ച് കാര്‍ഡ് ഉടന്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷവും വീണ്ടും അനധികൃത ഇടപാട് നടന്നെന്നും ഡോക്ടറുടെ പരാതിയിലുണ്ട്. അനധികൃത ഇടപാടുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തരുന്നത് ബാങ്ക് അധികൃതര്‍ വിസമ്മതിച്ചിരുന്നെന്നും പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ തട്ടിപ്പിനിരയായ വിവരം പങ്കുവെച്ചപ്പോഴാണ് ബാങ്ക് അധികൃതര്‍ ബന്ധപ്പെട്ടതെന്നും ഡോക്ടര്‍ പറയുന്നു.

താന്‍ നടത്തിയ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമായാണ് ആപ്പിള്‍ പേ വഴിയാണ് അനധികൃത ഇടപാടുകള്‍ നടന്നതെന്ന് ബാങ്ക് അറിയിച്ചത്. താന്‍ കാര്‍ഡ് ആപ്പിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും ഡോക്ടറും വിവരങ്ങള്‍ ബന്ധിപ്പിച്ചിട്ടില്ലെന്ന് ആപ്പിള്‍ അധികൃതരും വ്യക്തമാക്കി. ആപ്പിള്‍ പേ സുരക്ഷിതമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍, പിന്നെന്തിനാണ് തനിക്ക് വ്യാജ ഇടപാടുകള്‍ നടക്കുന്നതായി മെയില്‍ അയച്ചതെന്നും സംശയം ആദ്യം തോന്നിയെങ്കില്‍ എന്തുകൊണ്ട് ബാങ്ക് കാര്‍ഡ് ബ്ലോക്ക് ചെയ്യാതെ പേമെന്റുകള്‍ക്ക് അംഗീകാരം നല്‍കിയതെന്നുമാണ് ഡോക്ടര്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത പരിഗണിച്ച് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും വഞ്ചനാപരമായ ഇടപാടുകളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading