റിയാദ്: സൗദി അറേബ്യ താല്ക്കാലികമായി നിര്ത്തലാക്കിയ മള്ട്ടിപ്പിള് എന്ട്രി വിസിറ്റ് വിസകള് പുന:സ്ഥാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോര്ട്ടലിലാണ് ഇന്നലെയോടെ മള്ട്ടിപ്പിള് എന്ട്രി വിസക്കുള്ള ഓപ്ഷന് വീണ്ടുമെത്തി. അനധികൃത ഹജ്ജ് തീര്ത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയുള്പ്പടെ 14 രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ജനുവരി 31നാണ് മള്ട്ടിപ്പിള് എന്ട്രി വിസിറ്റ് വിസകള് സൗദി നിര്ത്തലാക്കിയത്. എന്നാല്, ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാന് അനുവദിക്കുന്ന സിംഗിള് എന്ട്രി വിസിറ്റ് വിസകള്ക്ക് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരുന്നില്ല. എന്നാല്
ഇപ്പോള് പോര്ട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാന് കഴിയുന്നുണ്ട്. അതേസമയം അതത് രാജ്യങ്ങളിലെ സൗദി കോണ്സുലേറ്റുകളില് നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയാല് മാത്രമേ മള്ട്ടിപ്പിള് റീ എന്ട്രിയാണോ സിംഗിള് എന്ട്രിയാണോ എന്നറിയാന് സാധിക്കൂ.
മള്ട്ടിപ്പിള് എന്ട്രി വിസകള് ഒഴിവാക്കിയതിന്റെ കാരണങ്ങള് എന്താണെന്ന് അധികൃതര് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. വിസയ്ക്ക് അപേക്ഷിക്കാന് കഴിയാതെ വന്നതോടെ അപേക്ഷകരാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഇപ്പോള് വിസക്കുള്ള ഓപ്ഷന് പുന:സ്ഥാപിക്കപ്പെട്ട വിവരവും ട്രാവല് ഏജന്റുമാരാണ് പുറത്തുവിട്ടത്. സൗദിയിലേക്ക് ഒരേ സന്ദര്ശന വിസയില് ഒന്നിലധികം തവണ വരാന് അനുവദിക്കുന്ന മള്ട്ടിപ്പിള് എന്ട്രി വിസിറ്റ് വിസകള്ക്കാണ് നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നത്. ഹജ്ജ് സീസണിനോടനുബന്ധിച്ച് ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്ദാന്, സുഡാന്, അള്ജീരിയ, ഇത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ, യെമന് എന്നീ 14 രാജ്യങ്ങള്ക്കാണ് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരുന്നത്. സന്ദര്ശന വിസയ്ക്ക് പുറമെ മള്ട്ടിപ്പിള് എന്ട്രി ടൂറിസം, ബിസിനസ് വിസകളും നിര്ത്തിവെച്ചിരുന്നു.
കൂടുതല് വാര്ത്തകള്ക്കും തൊഴില് അവസരങ്ങള്ക്കും ഗള്ഫ് വാര്ത്തകള് ഗ്രൂപ്പില് ജോയിന് ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്ഫ് വാര്ത്തകള് വാട്സ്ആപ്പ് ചാനല് ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
