ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 28 ബില്യന്‍ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയര്‍ത്തും. ഇരുരാജ്യങ്ങളും തമ്മില്‍ നിലവില്‍ 14.8 ബില്യന്‍ ഡോളറിന്റെ ഇടപാടുകളാണുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും ഖത്തര്‍ അമീറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി.
ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാറും ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കലിനുള്ള കരാര്‍ പുതുക്കി. ഇതോടെ നിക്ഷേപകര്‍ക്ക് സ്രോതസ്സില്‍ മാത്രം നികുതി അടച്ചാല്‍ മതി. നിക്ഷേപകന്റെ രാജ്യത്തു നികുതിയടയ്ക്കണമെന്ന അധിക ബാധ്യതയുണ്ടാകില്ല. സാമ്പത്തിക രംഗത്തെ ഇടപെടലുകള്‍ മെച്ചപ്പെടുത്താനും ആര്‍ക്കൈവ്‌സ് മാനേജ്‌മെന്റ്, യുവജന പങ്കാളിത്തം, കായികരംഗം എന്നീ മേഖലകളിലും ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) ഇന്ത്യയില്‍ ഓഫിസ് തുടങ്ങുമെന്ന തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
