ദുബായില്‍ മലയാളി യുവതിയെ കാണാതായ കേസ്; ഭര്‍ത്താവിനെ കോടതി വിട്ടയച്ചു

court order 2

കൊച്ചി: വിവാഹിതയായി മാസങ്ങള്‍ക്കകം ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ദുബായില്‍ പോയ ഇടപ്പള്ളി സ്വദേശി സ്മിത ജോര്‍ജിനെ കാണാതായ കേസില്‍ വിചാരണ നേരിട്ട ഭര്‍ത്താവ് തോപ്പുംപടി സ്വദേശി ആന്റണിയെ(സാബു) എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിട്ടയച്ചു. കേസില്‍ ക്രൈം ബ്രാഞ്ചാണു ആന്റണിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയാണു കുറ്റപത്രം സമര്‍പ്പിച്ചത്.

ഷാര്‍ജയില്‍ എത്തിയ സ്മിതയെ 2005 സെപ്റ്റംബര്‍ ഒന്നിനു ഭര്‍ത്താവ് തോപ്പുംപടി സ്വദേശി ആന്റണിയാണു(സാബു) വിമാനത്താവളത്തില്‍ നിന്നു വിളിച്ചുകൊണ്ടു പോയത്. രണ്ടാം ദിവസം കാണാതായി. സ്മിത കത്തെഴുതി വച്ചു മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി എന്നാണു ഭര്‍ത്താവ് അറിയിച്ചത്.

കത്തിലെ കയ്യക്ഷരം സ്മിതയുടേത് അല്ലെന്നും ഭര്‍ത്താവിന്റേതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും ഇതിന്റെ വിശ്വാസ്യത കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. സംഭവത്തിനു ശേഷം ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത യുവതിയുടെ മൃതദേഹം പിന്നീടു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ സ്മിതയുടേതാണെന്നു ബോധ്യപ്പെട്ടിരുന്നു.

എന്നാല്‍ സ്മിത എങ്ങനെ കൊല്ലപ്പെട്ടു? ആരാണ് കൊലപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. സ്മിതയെ കാണാതായ ശേഷം ദേവയാനിയെന്ന സ്ത്രീക്കൊപ്പം താമസമാക്കിയ ഭര്‍ത്താവ് ആന്റണിക്കു തിരോധാനത്തില്‍ പങ്കുണ്ടെന്നു സ്മിതയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മജിസ്‌ട്രേട്ട് മുന്‍പാകെ ദേവയാനി(36) കുറ്റസമ്മത മൊഴി നല്‍കിയെങ്കിലും പിന്നീട് ആത്മഹത്യ ചെയ്തു.

നുണപരിശോധനയ്ക്ക് അഹമ്മദാബാദിലേക്കു കൊണ്ടുപോകും വഴി ട്രെയിനില്‍ വിഷം കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ 2016 ജൂലൈ ഒന്‍പതിനു മരിച്ചു. ഇതോടെ കേസിലെ നിര്‍ണായക സാക്ഷിയെയാണു പ്രോസിക്യൂഷനു നഷ്ടപ്പെട്ടത്.

കേരളത്തിലും ദുബായിലുമായി നടത്തിയ അന്വേഷണത്തില്‍ പ്രതി ആന്റണിക്കെതിരെ കുറ്റപത്രത്തില്‍ നിരത്തിയ ആരോപണങ്ങള്‍ സംശയത്തിനതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്ന സാഹചര്യത്തിലാണു സിജെഎം സന്ദീപ് കൃഷ്ണ പ്രതിയെ വിട്ടയച്ചത്. പ്രതിക്കു വേണ്ടി എം.ജെ.സന്തോഷ് ഹാജരായി. 25 സാക്ഷികളെ വിസ്തരിച്ച കോടതി സിബിഐ ഹാജരാക്കിയ അന്‍പത് രേഖകള്‍ പരിശോധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading