സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈയ്യില്‍ കരുതേണ്ട; ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍

qatar digital app

ദോഹ: ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി (ക്യുഡിഐ) ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി. നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് വ്യക്തികളുടെ ഡിജിറ്റല്‍ ഐഡിയും മറ്റ് ഔദ്യോഗിക രേഖകളും ശേഖരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.

”ഒരു വ്യക്തിയുടെ എല്ലാ രേഖകളും സര്‍ട്ടിഫിക്കറ്റുകളും കൂടാതെ വ്യക്തി സമര്‍പ്പിക്കുന്ന സാമ്പത്തിക രസീതുകളും ആപ്പില്‍ ശേഖരിക്കുക എന്നതാണ് ഭാവി പദ്ധതി. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ എല്ലാ ഔദ്യോഗിക രേഖകളും ഡിജിറ്റലായി ഒരു ആപ്ലിക്കേഷനില്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഇലക്ട്രോണിക് സര്‍വീസസ് ആന്‍ഡ് ഇന്റര്‍നെറ്റ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഹ്‌മാന്‍ അബ്ദുല്ല ജമാല്‍ പറഞ്ഞു.

രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ വിവിധ ഡിജിറ്റല്‍ കാര്‍ഡുകള്‍ കാണാനും ഇലക്ട്രോണിക് സേവനങ്ങള്‍ ആക്സസ് ചെയ്യാനും ക്യുഡിഐ ആപ്പിലൂടെ സാധിക്കും. ഖത്തര്‍ ടിവിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വിവിധ അധികാരികളില്‍ നിന്നുംലഭിച്ച വ്യക്തിപരമായ എല്ലാ കാര്‍ഡുകളും ഒരു ആപ്ലിക്കേഷനിലൂടെ ഉപയോഗിക്കാന്‍ സാധിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറിലാണ് ആഭ്യന്തര മന്ത്രാലയം ക്യുഡിഐ ആപ്പ് പുറത്തിറക്കിയത്. ഐഡി കാര്‍ഡുകളുടെയും വ്യക്തിഗത രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്മാര്‍ട്ട് ആപ്ലിക്കേഷനാണിത്. ആവശ്യങ്ങള്‍ക്ക് ഫിസിക്കല്‍ ഡോക്യുമെന്റുകള്‍ (പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍) കൊണ്ടുപോകുന്നതിനുപകരം രേഖകള്‍ ആപ്ലിക്കേഷനിലൂടെ ഡിജിറ്റലാക്കി രാജ്യത്തിനകത്ത് വിവിധ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

ക്യുഡിഐ ആപ്പ് ഒരു ഇലക്ട്രോണിക് വാലറ്റാണ്. അതിലൂടെ ഒരാള്‍ക്ക് തന്റെ കൈവശമുള്ള എല്ലാ ഔദ്യോഗിക രേഖകളും (പാസ്പോര്‍ട്ട്, ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് ) കാണാന്‍ കഴിയും. ക്യുആര്‍ കോഡ് ഫീച്ചര്‍ ഉപയോഗിച്ച് വ്യക്തിക്ക് ഡാറ്റ കാണാനും പങ്കിടാനും പരിശോധിക്കാനും കഴിയുന്ന ഇലക്ട്രോണിക് കാര്‍ഡുകളാണ് ഇവയെല്ലാം. ‘ആപ്ലിക്കേഷനിലെ ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ സവിശേഷത ഒരു കക്ഷിയായോ ഒന്നിലധികം കക്ഷികളായോ വിവിധ രേഖകളില്‍ ഒപ്പിടാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഉപയോക്താവിന്റെ പാസ്പോര്‍ട്ട്, ഐഡി കാര്‍ഡ്, വിലാസം, ഡ്രൈവിംഗ് ലൈസന്‍സ്, സ്ഥാപന രജിസ്ട്രേഷന്‍ കാര്‍ഡ്, ആയുധ പെര്‍മിറ്റ് കാര്‍ഡ് എന്നിവയിലേക്കുള്ള ആക്സസ് അടങ്ങുന്ന ഡിജിറ്റല്‍ വാലറ്റായി ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. ബയോമെട്രിക് ഡാറ്റ വഴി ആക്ടിവേഷനും ലോഗിന്‍ ചെയ്യലും സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന വെബ്സൈറ്റിലേക്കുള്ള ആക്സസ്, രാജ്യത്തിന്റെ അതിര്‍ത്തികളിലെ ഇ-ഗേറ്റ്സ് ഉപയോഗിക്കല്‍, ഡിജിറ്റല്‍ വാലറ്റ്, ഇലക്ട്രോണിക് സിഗ്‌നേച്ചര്‍, ഡോക്യുമെന്റ്,ഡിജിറ്റലായി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകള്‍ ആക്‌സസ് ചെയ്യല്‍, ഐഡന്റിറ്റി സ്ഥിരീകരണം എന്നിവ ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ആപ്പിലെ ഫീച്ചറുകളാണ്. ഇപ്പോള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ആപ്ലിക്കേഷന്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like