കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന 160 കമ്പനികള്‍ക്കും 18 ഏജന്‍സികള്‍ക്കും കുവൈത്ത് ഇന്ത്യന്‍ എംബസി വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം എംബസി ലേബര്‍ വിഭാഗം വിലക്കേര്‍പ്പെടുത്തി കമ്പനികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ജോലി തട്ടിപ്പുകാരായ 18 ഇന്ത്യന്‍ ഏജന്‍സികളും 160 കുവൈത്ത് കമ്പനികളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കുവൈത്തിലെ ജനറല്‍ ട്രേഡിങ്, കോണ്‍ട്രാക്ടിങ്, കേറ്ററിങ്, റെസ്റ്റോറന്റുകള്‍, മെഡിക്കല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളിലെ കമ്പനികളെയാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്.
അല്‍ മനാര്‍ സ്റ്റാര്‍ കമ്പനി ഫോര്‍ ഡെലിവറിങ് കണ്‍സ്യൂമര്‍ ഓര്‍ഡേഴ്സ്, ഹുദാസ് സെന്റര്‍ ഫോര്‍ ഏര്‍ലി ലേണിങ് കമ്പനി ഫോര്‍ മാനേജിംഗ് നഴ്‌സ് എന്നിവയും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്പനികളിലേക്ക് പുതിയ ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ എംബസി അനുവദിക്കില്ല. ഈ കമ്പനികള്‍ക്ക് തൊഴിലാളി റിക്രൂട്ട്മെന്റിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാനുള്ള സംവിധാനത്തില്‍ നിന്നും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തും. ഒരു കമ്പനിയെ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് വിപുലമായ അന്വേഷണം നടത്താറുണ്ട്. ഈ ബ്ലാക്ക്ലിസ്റ്റ് നിന്നും പുറത്തുവരാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. അതിനായി, അവര്‍ മുന്‍പ് ചെയ്ത തെറ്റുകള്‍ പൂര്‍ണ്ണമായും പരിഹരിക്കണം.
പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കല്‍, ശമ്പളം നല്‍കാതിരിക്കല്‍, ശാരീരിക പീഡനം എന്നിവ പോലുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കമ്പനികളെ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. എംബസിയില്‍ ലഭിക്കുന്ന പരാതികള്‍ ആദ്യം ബന്ധപ്പെട്ട കമ്പനികളുമായി ചര്‍ച്ച ചെയ്യും. പരാതികള്‍ പരിഹരിക്കപ്പെടാതെ വന്നാല്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും തൊഴിലാളികളോട് കോടതിയില്‍ കേസ് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
