റിയാദ്: സൗദി അറേബ്യയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ച കേസില്‍ ഈജിപ്ഷ്യന്‍ വംശജനായ ഡോക്ടര്‍ക്കും മലയാളി നഴ്‌സിനും പിഴ ചുമത്തി. മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ചുമത്തി റിയാദ് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചു. കടുത്ത ശാരീരിക വേദനയെത്തുടര്‍ന്ന് ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയില്‍ എത്തിയ ഈജിപ്ഷ്യന്‍ സ്വദേശി മരിച്ച സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്. രോഗി മരിക്കാനിടയായ കേസില്‍ ഡോക്ടര്‍ക്ക് 80 ശതമാനവും മലയാളി നഴ്‌സിന് 20 ശതമാനവും ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വയനാട് മാനന്തവാടി സ്വദേശിനിയാണ് നടപടിക്ക് വിധേയയായ നഴ്‌സ്. ഇവര്‍ 60,000 റിയാലും (പതിമൂന്ന് ലക്ഷത്തോളം രൂപ) കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കണം. ചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഡോക്ടര്‍ 2,40,000 റിയാല്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് നല്‍കണമെന്നുമാണ് കോടതി വിധി.
രോഗിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ച ഡോക്ടര്‍, അതിന് മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും കുത്തിവയ്ക്കാന്‍ നഴ്‌സിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. എന്നാല്‍ രോഗിയുടെ മുന്‍കാല മെഡിക്കല്‍ ചരിത്രമോ അലര്‍ജിയോ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. മരുന്ന് നല്‍കുന്നതിന് മുന്‍പ് കൃത്യമായ പരിശോധന നടത്തുന്നതില്‍ നഴ്‌സിങ് സ്റ്റാഫും പരാജയപ്പെട്ടു. രോഗിക്ക് അലര്‍ജിയുണ്ടെന്ന കാര്യം മെഡിക്കല്‍ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇരുവരും അത് ശ്രദ്ധിച്ചില്ലെന്നുമാണ് കണ്ടെത്തല്‍.
കുത്തിവയ്പ്പിന് പിന്നാലെ കടുത്ത അലര്‍ജി അനുഭവപ്പെട്ട രോഗിയുടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആരോഗ്യ പ്രൊഫഷണല്‍ പ്രാക്ടീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 26, 27, 30 എന്നിവയുടെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് മൂന്ന് വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ കമ്മിറ്റി കോടതിയെ അറിയിച്ചു.
അതേസമയം കേസിന്റെ വിചാരണാ വേളകളില്‍ മലയാളി നഴ്‌സോ അവരുടെ നിയമപ്രതിനിധിയോ കോടതിയില്‍ ഹാജരായിരുന്നില്ല. വിചാരണാ തീയതികള്‍ അറിയിച്ചിട്ടും കോടതി സ്വീകരിക്കുന്ന തരത്തിലുള്ള യാതൊരു വിശദീകരണവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
തന്റെ മൊബൈലിലേക്ക് അറബിക്കില്‍ വന്ന ഔദ്യോഗിക സന്ദേശങ്ങള്‍ ശ്രദ്ധിക്കാതിരുന്നതാണ് നഴ്‌സിന് വിനയായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് തുക പിടിച്ചെടുക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഇവര്‍ തിരിച്ചറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 2023ല്‍ തന്നെ കേസില്‍ വിധി വന്നിരുന്നു എന്ന കാര്യം ഇവര്‍ അറിയുന്നത്. നിയമനടപടികളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതിരുന്നതിനാല്‍ വര്‍ഷങ്ങളായി കേസിന്റെ പുരോഗതി അറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും നഴ്‌സ് പറയുന്നു
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
An Egyptian doctor and a Malayali nurse have been fined for patient's death in Saudi Arabia due to medical negligence. The Riyadh Appeal Court has issued a verdict imposing a compensation of three lakh riyals (approximately over 66 lakh Indian rupees). The court's order comes in the case of an Egyptian national who died after being admitted to King Fahd Hospital in Hafouf due to severe physical pain.
