‘നിങ്ങളും എന്റെ കുടുംബം’; വയനാടിന് പ്രിയങ്കരിയായി ‘പ്രിയങ്ക ഗാന്ധി’ എത്തി

priyanka 3

കല്‍പ്പറ്റ: തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എത്തി. റോഡ് ഷോയില്‍ വന്‍ സ്വീകരണം നല്‍കി യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ സ്വീകരിച്ചു. റോഡ്ഷോയ്ക്ക് ശേഷം നടന്ന പൊതുപരിപാടിയില്‍ പ്രിയങ്ക വയനാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും വേദിയില്‍ എത്തിയിരുന്നു.

പതിനേഴാം വയസിലാണ് താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്. അത് വ്യത്യസ്തവമായ അനുഭവമാണ്. വയനാടിന്റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ടെന്നും വയനാട്ടിലെ യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ജനങ്ങളോട് പറഞ്ഞു. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ആദരമായി കണക്കാക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടും. ഓരോ ആളുകളുടെയും വീട്ടിലെത്തി പ്രശ്നങ്ങള്‍ കേള്‍ക്കും. താന്‍ കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ വയനാട്ടിലെ മുണ്ടക്കൈയില്‍ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ ഞാന്‍ കണ്ടു. ഉരുള്‍പൊട്ടലില്‍ ജീവിതം ഇല്ലാതായ മനുഷ്യരെ ഞാന്‍ കണ്ടു. ഞാന്‍ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്‌നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്. വയനാട്ടുകാരുടെ ഈ ധൈര്യം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. വയനാടിന്റെ കുടുംബമായി വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നല്‍കി. പോരാടാനുള്ള കരുത്ത് നല്‍കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വയനാടുമായുള്ള ബന്ധം ഞാന്‍ കൂടുതല്‍ ദൃഢമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കല്‍ കോളേജ് തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും രാഹുല്‍ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഇത് എന്റെ പുതിയ യാത്രയാണ്. ഇതില്‍ നിങ്ങള്‍ ഓരോരുത്തരുമാണ് ഗുരുക്കന്‍മാര്‍. ഞാന്‍ രണ്ടു മക്കളുടെ അമ്മയാണ്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും ഞാന്‍ കുടുംബത്തോടൊപ്പം നിന്നിരുന്നു. ഇന്ന് നിങ്ങള്‍ എന്റെ കുടുംബമാണ്. നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാന്‍ ഉണ്ടാകും. ഏത് പ്രശ്‌നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ന്യൂ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച പ്രിയങ്കയുടെ റോഡ് ഷോയില്‍ വലിയ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ സുധാകരന്‍, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയ നിരവധി പേര്‍ കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ പങ്കെടുത്തു.

പരിപാടിക്ക് ശേഷം കളക്ടേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഭര്‍ത്താവും മകനും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഒപ്പമുണ്ടായിരുന്നു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading