കുവൈത്ത് തീപിടിത്തം; മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു, കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

17182202607467E2 1

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച എട്ട് മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിയായ സാജന്‍ ജോര്‍ജ്, ഓയൂര്‍ സ്വദേശി ഷമീര്‍ (33), വെളിച്ചിക്കാല സ്വദേശി ലൂക്കോസ് (48), പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍ നായര്‍(54), പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍ (32), കോന്നി അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു(29) , കാസര്‍കോട് ചെര്‍ക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), ചെറുവത്തൂര്‍ സ്വദേശി പി. കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കും. അപകടത്തില്‍ മരിച്ച 49 പേരില്‍ 21 പേരും ഇന്ത്യാക്കാരാണ്. സംഭവത്തില്‍ കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചുവെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് കിട്ടിയതായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. കമ്പനിക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ 46 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സിയിലാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.

മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയുടെ തൊഴിലാളി ക്യാംപിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. ബുധനാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 195 പേര്‍ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. താഴത്തെ നിലയില്‍ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. വിഷപ്പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading