ദോഹ: ഖത്തറില്‍ വീണ്ടും ഓണ്‍ലൈനിലൂടെയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. അടുത്തിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഖത്തരി വൃദ്ധയ്ക്ക് ഒരു ദശലക്ഷം റിയാല്‍ നഷ്ടമായി. അല്‍-റയ്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിഭാഷകനായ ഹമദ് ഇസ്സ അല്‍-മന്നായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരുന്ന ബാങ്ക് ആപ്ലിക്കേഷനിലൂടെയാണ് പണം നഷ്ടമായത്. വൃദ്ധയായ സ്ത്രീക്ക് ഈ ആപ്പ് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും പക്ഷേ അവരുടെ കുട്ടികള്‍ അത് ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാരില്‍ ഒരാള്‍ അവരെ ബന്ധപ്പെടുകയും ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു വ്യാജ ലിങ്ക് അയച്ച് ഫോണില്‍ അത് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ വൃദ്ധയുടെ ഫോണിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും പകര്‍ത്തുകയും ഫോണിന്റെ ഉടമ തന്റെ ഫോണില്‍ നടത്തുന്ന ഏതൊരു പ്രവര്‍ത്തനവും തത്സമയം ടാപ്പ് ചെയ്യുകയും ചെയ്തു. ഫോണ്‍ ഓഫാക്കിയാലും ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുകയും തട്ടിപ്പുകാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ പൂര്‍ണ്ണ അധികാരവും നല്‍കുന്നതാണ് ഇത്തരത്തിലുള്ള വ്യാജ ലിങ്കുകളിലൂടെയുള്ള ആപ്പുകള്‍.
രഹസ്യ കോഡ് ഉപയോഗിച്ച് തട്ടിപ്പുകാരന്‍ ബാങ്ക് ആപ്പില്‍ പ്രവേശിക്കുകയും അക്കൗണ്ടിലുണ്ടായിരുന്ന ഏകദേശം ഒരു ദശലക്ഷം റിയാലുകള്‍ തട്ടിയെടുക്കുകയും ചെയ്തു. മൂന്നോ നാലോ തവണകളായി തുക അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം 5,00,000 റിയാല്‍ ട്രാന്‍സ്ഫര്‍ ചെയ്തു, രണ്ടാം ദിവസം, ഏകദേശം 500,000 റിയാല്‍ തുക അയാള്‍ ട്രാന്‍സ്ഫര്‍ ചെയ്തു. സൈബര്‍ കുറ്റകൃത്യ നിയമപ്രകാരം മൂന്ന് വര്‍ഷം വരെ തടവോ 100,000 റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടുമോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Elderly qatari women lost one million riyals from her account through due to electronic fraud
