ദുബായ്: വിസാ കാലാവധി കഴിഞ്ഞിട്ടും റസിഡന്‍സി വിസ പുതുക്കാന്‍ കഴിയാതെ വന്ന പ്രവാസി കുടുംബത്തിന് ഉമ്മുല്‍ഖുവൈന്‍ ഫെഡറല്‍ പ്രൈമറി കോടതിയിലെ ജഡ്ജിയുടെ ഇടപെടലിലൂടെ പുതുജീവിതം. ഉമ്മുല്‍ഖുവൈന്‍ ഫെഡറല്‍ പ്രൈമറി കോടതിയിലെ ജഡ്ജി ഹമീദ് അല്‍ അലിയാണ് ഒരു പ്രവാസി കുടുംബത്തോട് കാണിച്ച മനുഷ്യത്വപരമായ ഇടപെടലിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രശംസ പിടിച്ചുപറ്റിയത്.
വിസ കാലാവധി കഴിഞ്ഞിട്ടും പ്രവാസിയും നാല് കുട്ടികളും അടങ്ങിയ കുടുംബം റസിഡന്‍സി വിസ കഴിഞ്ഞ അഞ്ച് വര്‍ഷമായി പുതുക്കിയിരുന്നില്ല. നിയമലംഘനത്തിന് ഇയാള്‍ക്കെതിരെ 60,000 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍ കേസെത്തുകയും കുടുംബം ഹാജരാകുകയും ചെയ്തു. എന്തുകൊണ്ടാണ് വിസ പുതുക്കാതിരുന്നത് എന്ന ചോദ്യത്തിന് ഗൃഹനാഥന്‍ നല്‍കിയ മറുപടിയാണ് ജഡ്ജിയുടെ മനസ്സില്‍ തറച്ചത്.
തന്റെ എമിറാത്തി സ്‌പോണ്‍സറിന് കാന്‍സര്‍ ബാധിച്ചതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പരിചരിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെയും കൂടെ നില്‍ക്കേണ്ടത് തന്റെ കടമയാണെന്നതിനാല്‍ മറ്റെല്ലാ കാര്യങ്ങളും മറന്നുപോയെന്നും അതിനാലാണ് വിസ കാലാവധി കഴിഞ്ഞ കാര്യം ഓര്‍ക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ കുട്ടിയും അടുത്ത് നില്‍പ്പുണ്ടായിരുന്നു.
പരമ്പരാഗത അറബ് വസ്ത്രം അണിഞ്ഞുനിന്ന കുട്ടിയെ ജഡ്ജി അരികിലേക്ക് വിളിക്കുകയും പേരെന്താണെന്ന് ചോദിക്കുകയും ചെയ്തു. സായിദ് എന്നാണ് തന്റെ പേരെന്ന് കുട്ടി മറുപടി നല്‍കി. കുട്ടിയുടെ പേര് കേട്ടതും യുഎഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ ചിത്രമാണ് മനസ്സില്‍ തെളിഞ്ഞുവന്നത്. ഉടന്‍തന്നെ ജഡ്ജി തന്റെ കഴുത്തില്‍ ചുറ്റിയിരുന്ന യുഎഇ പതാകയുടെ സ്‌കാര്‍ഫ് തോളില്‍ നിന്ന് ഊരിമാറ്റി കുട്ടിയുടെ മേല്‍ അണിയിച്ചു. സായിദ് പിഴയടക്കേണ്ടെന്നും സായിദ് ആദരവ് ഏറ്റുവാങ്ങേണ്ട ആളാണെന്നും ജഡ്ജി പറയുകയായിരുന്നു.
ഉടന്‍തന്നെ പ്രവാസി കുടുംബത്തിനുമേല്‍ ചുമത്തിയിരുന്ന പിഴ റദ്ദാക്കുകയും പുതിയ വിസയ്ക്കുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ പോലീസിനോട് ഉത്തരവിടുകയും ചെയ്തു. നിയമത്തിന്റെ എല്ലാ നൂലാമാലകളില്‍ നിന്നും ആ പ്രവാസി കുടുംബത്തെ സുരക്ഷിതമാക്കുകയായിരുന്നു ജഡ്ജി ചെയ്തത്. ഇതിന്റെ എല്ലാവിധ ചെലവുകളും സ്വയം വഹിക്കുകയും ചെയ്തു. ഈ സംഭവം പിന്നീട് യുഎഇ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരു പൊതു ചടങ്ങില്‍വെച്ച് ജഡ്ജിയെ ആദരിക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
