ഡല്‍ഹി: കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിഷ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നടപടി. തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്ന ഈ കമ്പനിയെ വിലക്കി. കേന്ദ്രവ്യോമയാനമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗിനുള്ള സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കി.
കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഇവരാണ് കൈകാര്യം ചെയ്യുന്നത്. ദില്ലി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്. പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയതാണ് തുര്‍ക്കിക്കും അസര്‍ബൈജാനുമെതിരെ കടുത്ത നടപടിയിലേക്ക് ഇന്ത്യ കടന്നത്. ഇരു രാജ്യങ്ങള്‍ക്കും ടൂറിസം രംഗത്ത് വലിയ പ്രതിസന്ധിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.
ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും ഉള്ള യാത്രകള്‍ കൂട്ടത്തോടെ റദ്ദാക്കുകയാണ് ഇന്ത്യക്കാര്‍. ഇന്ത്യയില്‍ നിന്ന് ഹണിമൂണ്‍, ഗ്രൂപ്പ് ടൂര്‍ പാക്കേജുകള്‍ അടക്കമുള്ളവയില്‍ ബുക്കിംഗ് 60 ശതമാനവും റദ്ദായെന്ന് യാത്രാ വെബ്‌സൈറ്റായ മേക്ക് മൈ ട്രിപ്പ് അറിയിച്ചു. മേക്ക് മൈ ട്രിപ്പ്, ഈസ് മൈ ട്രിപ്പ് അടക്കം ട്രാവല്‍ വെബ്‌സൈറ്റുകളില്‍ തുര്‍ക്കിയിലെ ഇസ്താംബുളിലേക്കോ അസര്‍ബൈജാനിലെ ബാക്കുവിലേക്കോ ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ മുന്നറിയിപ്പ് സന്ദേശം വരുന്നുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷവും പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ രാജ്യങ്ങളാണ് തുര്‍ക്കിയും അസര്‍ബൈജാനും. ഇവിടേക്ക് അത്യാവശ്യമല്ലെങ്കില്‍ യാത്ര ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മേക്ക് മൈ ട്രിപ്പ് പോലുള്ള വെബ്‌സൈറ്റുകളാകട്ടെ ഹോം പേജില്‍ തന്നെ ഇന്ത്യയ്ക്ക് പിന്തുണയുമായി തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. വെക്കേഷന്‍ കാലമായ ഇപ്പോള്‍ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും യാത്ര നിശ്ചയിച്ച 60 ശതമാനം പേരും ഇത് റദ്ദാക്കി എന്നാണ് യാത്രാ വെബ്‌സൈറ്റുകളുടെ കണക്ക്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
