സന്ദര്‍ശക വീസയില്‍ എത്തുന്നവരെ താല്‍ക്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ ജോലിക്ക് നിയമിച്ചാല്‍ ശിക്ഷ ഉറപ്പ്

work permit uae

അബുദാബി: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. താല്‍ക്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വീട്ടുജോലിക്കാര്‍ക്കും ഈ നിയമം ബാധകമാണ്.

നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകള്‍ക്ക് ഒരു വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. സന്ദര്‍ശക വീസ ഉള്‍പ്പെടെ വ്യത്യസ്ത വീസയിലുള്ളവരെ ജോലിക്ക് എടുക്കാന്‍ തീരുമാനിച്ചാലും വര്‍ക്ക് പെര്‍മിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കി എന്നത് നടപടിക്രമം മാത്രമാണെന്നും മന്ത്രാലയം അംഗീകരിച്ച് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചാല്‍ മാത്രമേ ജോലി ചെയ്യാന്‍ ഔദ്യോഗിക അനുമതി ലഭിക്കൂ എന്നും മന്ത്രാലയം അറിയിച്ചു.

വര്‍ക്ക് പെര്‍മിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ വരും. തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അധികൃതരെ സമീപിക്കാനും സാധിക്കും. സാധുവായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നവര്‍ യുഎഇ തൊഴില്‍ നിയമം ലംഘിക്കുന്നവരാണെന്നും പറഞ്ഞു. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റിയുമായി (ഐസിപി) സഹകരിച്ച് മന്ത്രാലയം സംയുക്ത പരിശോധന ഊര്‍ജിതമാക്കും.

നിയമം ലംഘിച്ച് ജോലി നല്‍കിയ തൊഴിലുടമയുടെ ലേബര്‍ ഫയല്‍ സസ്‌പെന്‍ഡ് ചെയ്യും. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കും. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. വിവിധ ജോലിക്ക് അനുയോജ്യമാകുംവിധം പാര്‍ട്ട് ടൈം, ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെ വ്യത്യസ്ത വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാണെന്നും ഹ്രസ്വകാല ജോലികള്‍ക്ക് ഇത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. കൂടാതെ 15-18 വയസ്സുള്ളവര്‍ക്കായി ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭ്യമാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇവ പ്രയോജനപ്പെടുത്താം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading