ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റില്‍ മൂന്നേകാല്‍ മണിക്കൂറോളം പ്രധാനമന്ത്രി സംസാരിച്ചു. മോദിയെന്ന പേരല്ല ഇന്ത്യന്‍ ജനതയാണ് തന്റെ കരുത്തെന്നും മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിനെ അസാമാന്യ ധീരനെന്നും നരേന്ദ്രമോദി വാഴ്ത്തി. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമില്‍ കാണുന്നത്. അദ്ദേഹത്തിനിപ്പോള്‍ കൃത്യമായ പദ്ധതികളുണ്ട്. താന്‍ ഒരു കര്‍ക്കശക്കാരനായ വിലപേശലുകാരനാണെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്നും മോദി.
ലോകയുദ്ധങ്ങളിലെല്ലാം സമാധാനം എത്രയും വേഗം പുനസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമെന്നും സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകള്‍ ലോകം ശ്രവിക്കുന്നത് ഇത് ഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണായതിനാലാണ്. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു. ആര്‍എസ്എസിനെയും മൂന്നര മണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി പുകഴ്ത്തി.
വിമര്‍ശനം ജനാധിപത്യത്തിന്റെ കാതലാണെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. എല്ലാ വിമര്‍ശനങ്ങളെയും താന്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് തന്റെ കരുത്ത്. സമാധാന ശ്രമങ്ങള്‍ക്കുള്ള അവസരം ഉത്തരവാദിത്തത്തോടെയും, സന്തോഷത്തോടെയും ഏറ്റെടുക്കും. മാധ്യമങ്ങളുടെ വിലയിരുത്തലുകളാണ് പലപ്പോഴും ജനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനം നേരിട്ട് കാര്യങ്ങള്‍ മനസിലാക്കുന്നില്ല. മൂന്നാം കക്ഷിയുടെ ഇടപെടലാണ് പലപ്പോഴും കാര്യങ്ങള്‍ പ്രശ്‌നമുള്ളതാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
