മലയാളിത്തിളക്കം; ടി20യില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

cricket

ഡല്‍ഹി: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഇന്ത്യയുടെ ആദ്യ വിജയമാണിത്. പാകിസ്താനെ ആറ് വിക്കറ്റിനാണ് ഇന്ത്യ വീഴ്ത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 106 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ എത്തി. 35 പന്തില്‍ 32 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മലയാളിയായ ഓള്‍റൗണ്ടര്‍ സജന സജീവനാണ് ബൗണ്ടറിയടിച്ച് വിജയം കുറിച്ചത്.

106 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണറായ സ്മൃതി മന്ദാനയെ നഷ്ടമായി. 16 പന്തില്‍ ഏഴ് റണ്‍സെടുത്ത മന്ദാനയെ അഞ്ചാം ഓവറില്‍ സാദിയ ഇഖ്ബാലാണ് പുറത്താക്കിയത്. പിന്നീട് ഷഫാലി വര്‍മയും ജെമീമ റോഡ്രിഗസും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടുനയിച്ചു. 12-ാം ഓവറില്‍ ഷഫാലിയെ (32) ഒമൈമ സൊഹൈല്‍ മടക്കി. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തകര്‍ത്തടിച്ചു. 16-ാം ഓവറിലെ രണ്ടാം പന്തില്‍ ജെമീമയ്ക്കും മടങ്ങേണ്ടിവന്നു. 28 പന്തില്‍ 23 റണ്‍സ് അടിച്ചുകൂട്ടിയ ജെമീമയെ പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് കൂടാരം കയറ്റിയത്. പിന്നാലെയെത്തിയ റിച്ച ഘോഷിനെയും (0) സന അതിവേഗം മടക്കി.

വിജയത്തിലേക്ക് രണ്ട് റണ്‍ മാത്രം ബാക്കിനില്‍ക്കെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങേണ്ടി വന്നു. സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഹര്‍മന് പരിക്കേല്‍ക്കുകയായിരുന്നു. പകരമെത്തിയ മലയാളി താരം സജന സജീവന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ച് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. ദീപ്തി ശര്‍മ്മ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു.

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 105 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ കീഴടങ്ങുകയായിരുന്നു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading