അബുദാബി: അബുദാബിയില്‍ ആദ്യ സിഎസ്‌ഐ ദേവാലയം തുറന്നു. സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെ ഞായറാഴ്ച വൈകിട്ടാണ് ദേവാലയം തുറന്നത്. യുഎഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 4.37 ഏക്കറില്‍ 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 1.1 കോടി ദിര്‍ഹം ചെലവിലാണ് ദേവാലയം പണികഴിപ്പിച്ചത്. അബുദാബി അബുമുറൈഖയിലെ ബാപ്സ് ഹിന്ദു മന്ദിറിന് അഭിമുഖമായാണ് ദോവാലയം നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് 4.30ന് നടന്ന ചടങ്ങില്‍ ഇടവക വികാരി റവ. ലാല്‍ജി എം. ഫിലിപ് സഹകാര്‍മികനായി. ഇടവക മുന്‍ വികാരിമാരും ചടങ്ങില്‍ പങ്കെടുത്തു. ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ പുരോഹിതരും ഗായകരും ജനങ്ങളും ചേര്‍ന്ന് ദേവാലയത്തെ വലംവച്ച് പ്രദക്ഷിണ ശുശ്രൂഷയും നടത്തി. ഇടവകാംഗങ്ങളുടെ 45 വര്‍ഷത്തെ സ്വപ്‌നമാണ് സഫലമായത്. അംശവടിയാല്‍ അനുഗ്രഹിച്ച് ദേവാലയത്തിന്റെ പ്രധാന കവാടം തുറന്ന് ബിഷപ് ആദ്യ ആരാധന അര്‍പ്പിച്ചതിനു ശേഷം വിശുദ്ധ സംസര്‍ഗ ശുശ്രൂഷ അനുഷ്ഠിച്ചു. ആയിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
