മസ്‌കത്ത്: ഒമാനില്‍ ചേരിതിരിഞ്ഞ് കലാപമുണ്ടാക്കിയ സംഭവത്തില്‍ 59 പ്രവാസികളെ നാടുകടത്തും. സ്വകാര്യ കമ്പനി റസിഡന്‍ഷ്യല്‍ ക്യാംപിലെ തൊഴിലാളികളാണ് ചേരി തിരിഞ്ഞ് കലാപമുണ്ടാക്കിയത്. ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്ബിദില്‍ കഴിഞ്ഞ ഡിസംബര്‍ 25നായിരുന്നു ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്. കേസില്‍ ഉള്‍പ്പെട്ട 59 പ്രവാസികളെ നാടുകടത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കലാപം, നാശനഷ്ടങ്ങളുണ്ടാക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍, പൊതു ക്രമസമാധാനത്തെ തകര്‍ക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷിച്ചത്. തടവ്, നാടുകടത്തല്‍, മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരിക്കുന്നത്. പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 123, 121, 367, സൈബര്‍ ക്രൈം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 19 എന്നിവ പ്രകാരമാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. അതേസമയം, 23 പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ നിന്ന് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
വിധി പ്രകാരം, കുറ്റവാളികള്‍ക്ക് ആദ്യ കുറ്റത്തിന് മൂന്ന് മാസവും രണ്ടാമത്തെ കുറ്റത്തിന് ആറ് മാസവും മൂന്നാമത്തെയും നാലാമത്തെയും കുറ്റങ്ങള്‍ക്ക് ഒരു വര്‍ഷം വീതവും തടവ് ശിക്ഷ അനുഭവിക്കണം. ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തിയ കേസുകളില്‍, ഏറ്റവും കഠിനമായ ശിക്ഷ പ്രയോഗിക്കാന്‍ കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ചതിന് ശേഷം കുറ്റവാളികളെ സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ട സംഘത്തോട് പിരിഞ്ഞുപോകാനും നശീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും പൊലീസ് നിര്‍ദേശിച്ചെങ്കിലും പ്രതികള്‍ അനുസരിച്ചില്ല. തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്യുകയും നടപടികളിലേക്ക് കടക്കുകയുമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
