കണ്ണൂര്‍: നാട്ടില്‍ കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയേണ്ടിവന്ന പ്രവാസി മലയാളിക്ക് പ്രവാസ ജീവിതത്തിലും തിരിച്ചടി. കള്ളക്കേസില്‍ 54 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നതിനാല്‍ ഖത്തറിലെ ബിസിനസ് തകര്‍ന്ന് 4 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രവാസി. തലശ്ശേരി കതിരൂര്‍ സ്വദേശി 50-കാരന്‍ വി.കെ.താജുദ്ദീന്റെ പോരാട്ടത്തിനൊടുവില്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥരില്‍നിന്നു നഷ്ടപരിഹാരത്തിനു സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
അതേസമയം തന്റെയും കുടുംബത്തിന്റെയും എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ച പൊലീസുകാരില്‍ നിന്ന് 1.4 കോടി രൂപയുടെ നഷ്ടപരിഹാരം നേടിയെടുക്കുംവരെ നിയമനടപടികള്‍ തുടരുമെന്ന് താജുദ്ദീന്‍ പറഞ്ഞു. മകളുടെ വിവാഹത്തിനു ഖത്തറില്‍നിന്ന് 2018 ജൂണ്‍ 25ന് ആണ് താജുദ്ദീന്‍ നാട്ടിലെത്തിയത്. ജൂലൈ 8ന് ആയിരുന്നു നിക്കാഹ്. 11നു പുലര്‍ച്ചെയാണു മോഷണക്കുറ്റം ആരോപിച്ച് ചക്കരക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 5നു ചോരക്കളം എന്ന സ്ഥലത്തു സ്‌കൂട്ടറിലെത്തി സ്ത്രീയുടെ അഞ്ചരപ്പവന്‍ മാല പൊട്ടിക്കുന്ന സിസിടിവി ദൃശ്യത്തിലുള്ള ആളെന്നു പറഞ്ഞായിരുന്നു അറസ്റ്റ്.
ഹൈക്കോടതിയില്‍ നിന്നു ജാമ്യം കിട്ടി നവംബര്‍ 26നു ഖത്തറില്‍ തിരിച്ചെത്തിയ താജുദ്ദീനെ അവിടെ കാത്തിരുന്നതും ജയില്‍മുറിയായിരുന്നു. അതെപ്പറ്റി താജുദ്ദീന്‍ വിവരിക്കുന്നു: ‘ഖത്തറില്‍ അല്‍ ഔസജ് എന്ന റെന്റ് എ കാര്‍ സ്ഥാപനം നടത്തുകയായിരുന്നു ഞാന്‍. 2013 ല്‍ തുടങ്ങിയതാണ്. പല പ്രമുഖ കമ്പനികള്‍ക്കും പ്രീമിയം കാര്‍ വാടകയ്ക്കു നല്‍കിയിരുന്നു. 2018 ല്‍ ഞാനും സ്‌പോണ്‍സറും ചൈനയില്‍നിന്ന് അലങ്കാരവിളക്കുകള്‍ ഇറക്കുമതി ചെയ്യുന്ന ബിസിനസ് കൂടി തുടങ്ങി. 3 കോടി രൂപയുടെ ബിസിനസില്‍ 1.5 കോടി രൂപ ആദ്യം സ്‌പോണ്‍സര്‍ നിക്ഷേപിച്ചു. സാധനങ്ങള്‍ എത്തുമ്പോള്‍ എന്റെ വിഹിതമായ 1.5 കോടി നല്‍കണം. ഈ സമയത്താണു മകള്‍ ഫാത്തിമത്ത് തസ്ലീനയുടെ വിവാഹത്തിനായി 15 ദിവസത്തേക്കു നാട്ടിലെത്തുന്നത്.
മകന്‍ മുഹമ്മദ് തെസീന്‍ ജമീലിനെ ബെംഗളൂരുവില്‍ ജേണലിസം കോഴ്‌സിനു ചേര്‍ത്ത ശേഷം ജൂലൈ 10നു മടങ്ങാനായിരുന്നു തീരുമാനം. ജൂലൈ 5നു നടക്കേണ്ട നിക്കാഹ് ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് 8ന് ആണു നടത്തിയത്. 11ന് ആണ് പൊലീസ് പിടികൂടിയത്. എന്റെ ഫോണും പാസ്‌പോര്‍ട്ടും കോടതിയിലായിരുന്നു. സ്‌പോണ്‍സര്‍ക്ക് എന്നെ വിളിച്ചിട്ടു കിട്ടാതായി.
കാര്‍ വാടകയ്ക്കു നല്‍കിയിരുന്ന കമ്പനികളില്‍നിന്നുള്ള ഇ മെയിലിനു മറുപടി നല്‍കാന്‍ ആരുമുണ്ടായില്ല. ബിസിനസെല്ലാം ഞാന്‍ മാത്രമായിരുന്നു നോക്കിയിരുന്നത്. ചൈനയില്‍ നിന്നെത്തിയ സാധനങ്ങള്‍ക്ക് എന്റെ വിഹിതമായ 1.5 കോടി രൂപ അടയ്ക്കണം. ഇത്രയായപ്പോഴേക്കും സ്‌പോണ്‍സര്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു. ജയിലില്‍നിന്നിറങ്ങി എനിക്കു ഫോണും പാസ്‌പോര്‍ട്ടും ലഭിച്ചത് നവംബര്‍ ആദ്യമായിരുന്നു. 26ന് ഖത്തറില്‍ തിരിച്ചെത്തി. അന്നു രാത്രി സ്‌പോണ്‍സറെ ചെന്നു കണ്ടു. ബിസിനസ് നിര്‍ത്താമെന്നു മാത്രം അദ്ദേഹം പറഞ്ഞു. റെന്റ് എ കാര്‍ ബിസിനസില്‍ എന്റെ വാഹനമെല്ലാം വിറ്റ് ആ പണം അദ്ദേഹമെടുത്തു. എന്റെ നിരപരാധിത്വം പറഞ്ഞിട്ടൊന്നും വിശ്വാസമായില്ല. പൊലീസ് തിരയുന്ന പ്രതിയെന്ന പേരില്‍ 2019 ജനുവരി 21നു ഖത്തര്‍ പൊലീസ് എന്നെ അറസ്റ്റ് ചെയ്തു. 21 ദിവസം ജയിലിലായി. സ്‌പോണ്‍സര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ഖത്തര്‍ കോടതിയില്‍ എന്റെ നിരപരാധിത്വം തെളിയിക്കാനായി. ഉടന്‍ ഖത്തര്‍ വിട്ടുപോകണമെന്നും മറ്റൊരു വീസയില്‍ തിരിച്ചുവരാമെന്നും കോടതി ഉത്തരവിട്ടു. 4 കോടിയോളം രൂപയാണ് ബിസിനസ് തകര്‍ന്നതോടെ എനിക്കു നഷ്ടം വന്നതെന്ന് താജുദ്ദീന്‍ പറഞ്ഞു.
പിന്നീട് നാട്ടില്‍ തിരിച്ചെത്തി കുറച്ചു ദിവസത്തിനു ശേഷം മടങ്ങാമെന്നു കരുതി. അപ്പോഴേക്കും റെന്റ് എ കാര്‍ ബിസിനസില്‍ നല്‍കിയ ചെക്ക് മടങ്ങിയതും പ്രശ്‌നമായി. പിന്നെ തിരിച്ചുപോകാനായില്ല. നാട്ടില്‍ വീടു വാങ്ങാന്‍ 12 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ആ കച്ചവടം ഒഴിഞ്ഞു. തിരിച്ചുകിട്ടിയ പണം കൊണ്ട് ഞാനും കുടുംബവും ബെംഗളൂരുവിലേക്കു പോയി. അവിടെ കോളജില്‍ കന്റീന്‍ കരാറെടുത്തു കുടുംബം കഴിയുമ്പോഴാണ് കോവിഡ് വരുന്നത്. അതോടെ അതും അടച്ചുപൂട്ടി. ഞാന്‍ ജയിലായതോടെ മകന്‍ പഠനം ഉപേക്ഷിച്ചു. മകളുടെ നിക്കാഹ് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എല്ലാവരെയും ക്ഷണിച്ചുള്ള കല്യാണം വേണ്ടെന്നുവച്ചു. മകളുടെ ഭര്‍ത്താവ് ബെംഗളൂരുവില്‍ തുടങ്ങിയ വാട്ടര്‍പ്ലാന്റില്‍ ജോലിക്കു ചേര്‍ന്നു. പിന്നീടു ബെംഗളൂരുവിലും തൃശൂരിലും മാര്‍ക്കറ്റിങ് ജോലി ചെയ്തു. അപ്പോഴേക്കും പലതരം അസുഖങ്ങള്‍ പിടികൂടി. പ്രമേഹം മൂര്‍ച്ഛിച്ച് കാല്‍വിരല്‍ മുറിച്ചു. 2024 ല്‍ പക്ഷാഘാതം വന്നു. മകന്‍ കര്‍ണാടക കെങ്കേരിയില്‍ നടത്തുന്ന ലോണ്‍ട്രി ഷോപ്പിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. മകനും ഞാനും ബെംഗളൂരുവിലും ഭാര്യയും ചെറിയ മകനും നാട്ടിലും വാടകവീട്ടിലും കഴിയുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
