തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണര്‍ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ പുതുക്കിയ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നതിനാണ് അവസരമുള്ളത്. കേരളത്തിലുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിലെ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. നിലവിൽ ഗൾഫ് രാജ്യങ്ങളിലുള്ള നാട്ടിലേക്ക് മടങ്ങാൻ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് ഗൾഫ് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാനും അവസരമുണ്ടാകും.
യുഎഇ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർക്ക് കുവൈത്തിലേക്കും ബഹ്റൈനിലേക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാം . ഏപ്രിൽ 7 ഉച്ചയ്ക്ക് ഒരു മണിവരെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കും. പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.cee.kerala.gov.in ൽ ഇന്ന്, ഏപ്രിൽ 4 മുതൽ ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് ഒരു മണി വരെ കേന്ദ്രങ്ങൾ മാറ്റാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും.
വെബ്സൈറ്റിലെ keam 2026 -application എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പറും പാസ്‍വേഡും നൽകിയശേഷം ഹോം പേജിൽ പ്രവേശിക്കണം. തുടര്‍ന്ന് change centre ഓപ്ഷൻ ക്ലിക്ക് ചെയ്ത് പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനും മാറ്റം വരുത്താനും കഴിയും. അതേസമയം പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുള്ള അവസാന തീയിത ഒരു കാരണവശാലം നീട്ടി നൽകില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
